പൊതുഇടങ്ങളെ സൂചിപ്പിക്കുന്ന ജാതിപ്പേരുകൾ ഒഴിവാക്കാൻ തീരുമാനമെടുത്ത് തമിഴ്‌നാട് സർക്കാർ. ഗ്രാമങ്ങളിൽ നിന്നും തെരുവികളിലും, റോഡുകളിലും പൊതു സ്വത്തുക്കളിലും ജാതി അടിസ്ഥാനമാക്കിയുള്ള പേരുകൾ നീക്കം ചെയ്യുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചു. ഏപ്രിലിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നടത്തിയ നിയമസഭാ പ്രഖ്യാപനത്തെ തുടർന്നാണിത്.
സംസ്ഥാനത്തെ റോഡുകളിൽ നിന്നും തെരുവുകളിൽ നിന്നുമെല്ലാം ജാതിപ്പേരുകൾ നീക്കം ചെയ്യാനുള്ള നടപടികൾ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. ജാതിവിവേചനം ഒഴിവാക്കി സാമൂഹികനീതി ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. ആദി ദ്രാവിഡർ കോളനി, ഹരിജൻ കോളനി, പരായർ തെരുവ്, വണ്ണൻകുളം തുടങ്ങിയ പേരുകൾ ഒഴിവാക്കണമെന്ന് സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ പറയുന്നു. കലൈഞ്ജർ, കാമരാജർ, മഹാത്മാഗാന്ധി, വീരമാമുനിവർ, തന്തൈ പെരിയാർ എന്നീ പേരുകൾ ഉപയോഗിക്കാവുന്നതാണ്.
നവംബർ 19-നകം ഇത്തരം മുഴുവൻപേരുകളും മാറ്റി പുതിയപേരുകൾ ഉറപ്പിക്കണമെന്ന് ജില്ലാഭരണകൂടങ്ങൾക്ക് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ തീരുമാനം നടപ്പാക്കുന്നതിനിടെ ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തരുതെന്നും സർക്കാർ പറയുന്നു. പൊതു ആസ്തികൾക്ക് ജാതി അടിസ്ഥാനമാക്കിയുള്ള പേരുകൾ വിവേചനപരമല്ലാത്ത സാഹചര്യങ്ങളിലും, പ്രാദേശിക സമൂഹങ്ങൾക്ക് ഈ പേരുകൾ ഉപയോഗിക്കുന്നതിൽ എതിർപ്പില്ലാത്ത സാഹചര്യങ്ങളിലും, അത് മാറ്റാൻ പാടില്ല എന്നും മാർഗനിർദേശങ്ങളിലുണ്ട്.
നവംബർ 14-നകം വകുപ്പ് മേധാവികൾ ശുപാർശകൾ സംസ്ഥാന സർക്കാരിന് കൈമാറുകയും പുതിയ പേരുകൾ പ്രാബല്യത്തിൽ വരുന്നതിനായി നവംബർ 19-നകം അതത് കൗൺസിൽ യോഗങ്ങളിൽ അതത് പ്രമേയങ്ങൾ പാസാക്കുകയും വേണം. റവന്യൂ വില്ലേജുകളുടെ കാര്യത്തിൽ, ഒക്ടോബർ 14-നകം എസ്റ്റിമേറ്റ് പൂർത്തിയാക്കണം, തുടർന്ന് പൊതുജനാഭിപ്രായം തേടൽ, ജില്ലാ കളക്ടറുടെ പ്രഖ്യാപനം, യഥാക്രമം ഒക്ടോബർ 17, ഒക്ടോബർ 24, നവംബർ 19 തീയതികളിൽ ഗ്രാമ/ഏരിയാ സഭകളിൽ പ്രഖ്യാപനങ്ങൾ എന്നിവ നടക്കും.