കുടിശിക മാസങ്ങൾ പിന്നിട്ടതോടെ മെഡിക്കൽ കോളേജുകൾക്ക് വിതരണം ചെയ്ത ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങൾ ഇന്ന് തിരിച്ചെടുക്കുമെന്ന് വിതരണക്കാർ. നാല് പ്രധാനപ്പെട്ട ആശുപത്രികളിലെ ഉപകരണങ്ങളുടെ സ്റ്റോക്കാണ് പിൻവലിക്കുമെന്ന് വിതരണക്കാർ അറിയിച്ചത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകൾക്ക് പുറമെ, എറണാകുളം ജനറൽ ആശുപത്രിയിലേയും ഉപകരണങ്ങളാണ് തിരിച്ചെടുക്കുക. ഇന്ന് ഉച്ചയ്ക്ക് 12 മണി വരെയാണ് കുടിശിക തീർക്കാൻ സമയം അനുവദിച്ചിരിക്കുന്നത്
2024 മെയ് മുതലുള്ള 158 കോടിയിൽ 28 കോടി രൂപ മാത്രമാണ് നൽകിയതെന്നാണ് വിതരണക്കാർ പറയുന്നു. 18 മാസത്തെ കുടിശികയിൽ രണ്ടുമാസത്തെ തുക നൽകി. കടം പെരുകിയതോടെ സെപ്റ്റംബർ ഒന്നുമുതൽ വിതരണം നിർത്തി. കഴിഞ്ഞ 14 മാസത്തിനിടെ മാത്രം 117.34 കോടി രൂപയുടെ കുടിശിക ഉണ്ടായതായി വിതരണക്കാരുടെ സംഘടനയായ ചേംബർ ഓഫ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫോർ മെഡിക്കൽ ഇംപ്ലാന്റ്സ് ആൻഡ് ഡിസ്പോസബിൾസ് അറിയിച്ചു.
കുടിശിക ആവശ്യപ്പെട്ട് പലതവണ സർക്കാരിനെ സമീപിച്ചിട്ടും ഫലമുണ്ടാകാത്തതിനെത്തുടർന്നാണ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നത് നിർത്തിവെച്ചത്. പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് സർക്കാർ ഭാഗികമായെങ്കിലും കുടിശിക തീർക്കാനായി 150 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ ഈ തുക മുഴുവൻ കുടിശിക തീർക്കാൻ അപര്യാപ്തമാണ്. ഉപകരണങ്ങൾ തിരിച്ചെടുക്കുന്നതോടെ ശസ്ത്രക്രിയകൾ മുടങ്ങുമോയെന്ന ആശങ്കയുണ്ട്.