ലിയോ പതിനാലാമൻ മാർപാപ്പ അടുത്ത വർഷം ആദ്യം ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. 2026 ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ മാർപാപ്പ ഇന്ത്യയിൽ എത്തിയേക്കുമെന്ന് ഭാരത കത്തോലിക്ക മെത്രാൻ സമിതിയാണ് സ്ഥിരീകരിച്ചത്. മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതായി ഭാരത കത്തോലിക്ക മെത്രാൻ സംഘം അറിയിച്ചു.
മെത്രാൻ സംഘത്തിൻ്റെ തലവനായ ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് മാർപാപ്പയെ നേരിൽ കണ്ട് കത്ത് കൈമാറി. 2026 ഫെബ്രുവരി 6 മുതൽ ദില്ലിയിൽ നടക്കുന്ന ഭാരത കത്തോലിക്കാ മെത്രാൻ സമിതിയുടെ വാർഷിക പൊതുയോഗ സമയത്ത് ഇന്ത്യ സന്ദർശിക്കണം എന്നാണ് മാർപാപ്പയോട് അഭ്യർത്ഥിച്ചത്. ഇന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പരോളിനുമായി മാർ ആൻഡ്രൂസ് താഴത്ത് നിർണായക കൂടിക്കാഴ്ച നടത്തും.
വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി പിയാത്രോ പരോളിനെയും ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഭാരതത്തിലെ സഭകളെ കുറിച്ചുള്ള റിപ്പോർട്ട് മാർപാപ്പയ്ക്ക് കൈമാറിയെന്നും, മാർപാപ്പയുടെ നിർദേശ പ്രകാരം ഇന്ന് സ്റ്റേറ്റ് സെക്രട്ടറിക്ക് സമർപ്പിക്കുമെന്നും ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് അറിയിച്ചു.