ജന്മദിനത്തില്‍ തന്‍റെ പുതിയ ചിത്രം പ്രഖ്യാപിച്ച് പ്രഭാസ്. ‘ഫൌസി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സീതാരാമം എന്ന ഹിറ്റ് ചിത്രത്തിന്‍റെ സംവിധായകന്‍ ഹനു രാഘവപുടിയാണ്. തെലുങ്കിലെ പ്രശസ്ത ബാനറായ മൈത്രി മൂവി മേക്കേഴ്‌സാണ് ഫൌസി നിര്‍മ്മിക്കുന്നത്. ടി സീരീസ് ഫിലിംസ് ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ രാജ്യമെമ്പാടും ആരാധകരെ നേടിയ പ്രഭാസിന് സിനിമാ മേഖലയിൽ നിന്നുള്ളവരും ആരാധകരും ജന്മദിനത്തില്‍ ആശംസയുമായി രംഗത്തെത്തി.
ഫൌസിയുടെ താരനിരയിൽ ബോളിവുഡ് ഇതിഹാസം അനുപം ഖേറും ഉണ്ടാകുമെന്നുള്ള അപ്‌ഡേറ്റ് നേരത്തെ പുറത്തു വന്നിരുന്നു. 1940-കളുടെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ബിഗ് ബഡ്ജറ്റ് ചരിത്ര ചിത്രമായാണ് ഈ പ്രൊജക്റ്റ് ഒരുക്കുന്നത്. പ്രഭാസിന്റെ നായികയായി ഇമാൻവി എത്തുന്ന ചിത്രത്തിൽ മിഥുൻ ചക്രവർത്തിയും ജയപ്രദയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലോകോത്തര സാങ്കേതിക നിലവാരത്തിൽ വമ്പൻ ബജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. “എ ബറ്റാലിയൻ ഹു വോക്‌സ് എലോൺ” എന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.
അതേസമയം ഇന്ത്യൻ സിനിമ ഇന്നേവരെ കണ്ടതിൽ വച്ച് ഏറ്റവും വലിയ പ്രോജക്ടുകളാണ് പ്രഭാസിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.’ദി രാജാസാബ്’, ‘സലാർ: പാർട്ട് 2 – ശൗര്യാംഗ പർവ്വ’, ‘സ്പിരിറ്റ്’, ‘കൽക്കി 2898 AD: പാർട്ട് 2’ തുടങ്ങിയ വൻകിട ചിത്രങ്ങളാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്. ഈ ചിത്രങ്ങൾക്കായി സിനിമാ ലോകം ഒന്നടങ്കം കാത്തിരിക്കുകയാണ്.
സ്ഥിരമായ ബ്ലോക്ക്ബസ്റ്റർ വിജയങ്ങൾക്കപ്പുറം വിവാദങ്ങളിൽ നിന്ന് അകന്നുനിൽക്കുന്ന പ്രകൃതവും പ്രഭാസിനെ നിർമ്മാതാക്കൾക്കിടയിൽ വിശ്വസ്തനാക്കുന്നു. ഒരു സിനിമയുടെ വിജയഘടകങ്ങളിൽ പ്രധാനപ്പെട്ട ഒന്നായി പ്രഭാസിന്റെ സാന്നിധ്യമാണ് പല നിർമ്മാതാക്കളും കണക്കാക്കുന്നത്.