സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വടക്കൻ ജില്ലകളിൽ ശക്തമായ മഴ മുന്നറിയിപ്പ്. നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ടും, മറ്റെല്ലാ ജില്ലകളിലും യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. വടക്കൻ ജില്ലകളിൽ നാളെയും അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. കേരളതീരത്തെ മത്സ്യബന്ധനത്തിനുള്ള വിലക്ക് ഇന്ന് കൂടി തുടരും.
തിരുവനന്തപുരം ജില്ലയിലെ കരമന നദിയിൽ കേന്ദ്ര ജല കമ്മീഷൻ മഞ്ഞ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. യാതൊരു കാരണവശാലും നദിയിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണമെന്നും കേന്ദ്ര ജല കമ്മീഷൻ മുന്നറിയിപ്പ് നൽകി.
അതേസമയം, അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പുണ്ട്.