പടിഞ്ഞാറൻ ഓസ്ട്രേലിയയിലെ റോഡികളിൽ ഇത് കൗതുകക്കാഴ്ചയുടെ കാലമാണ്. ചിലർ കാട്ടിൽ നിന്നും നാട്ടിലേക്ക് ഇറങ്ങിയതാണ് ഇതിന് കാരണം. എല്ലാ വർഷവും നടക്കുന്ന മനോഹരമായ ഒരു പ്രകൃതി പ്രതിഭാസമാണിത്. റെഡ് ക്രാബുകളുടെ കുടിയേറ്റം.
ഒന്നും രണ്ടുമല്ല ലക്ഷക്കണക്കിന് ചുവന്ന ഞണ്ടുകളാണ് ഇത്തരത്തിൽ കാട്ടിൽ നിന്നും കടൽത്തീരം ലക്ഷ്യമാക്കി ലോങ് മാർച്ച് ചെയ്യുന്നത്. ഈ സമയത്ത് ക്രിസ്മസ് ദ്വീപിലേക്ക് എല്ലാ വർഷവും അതിഥിയായി എത്തുന്നവരാണീ റെഡ് ക്രാബുകൾ
ഞണ്ടുകളുടെ ഹണിമൂൺ എന്നറിയപ്പെടുന്ന യാത്രയിൽ കഠിനകത്തെ സ്ഥിരതാമസക്കാരായ ചുവന്ന ഞണ്ടുകൾ സമുദ്ര തീരത്തേക്ക് എത്തുകയും മുട്ടയിടുകയും ചെയ്യുന്നു. ഒക്ടോബർ നവംബർ മാസങ്ങളിലാണ് ഈ ഹണിമൂൺ ട്രിപ്പ്. ഇണ ചേർന്ന ശേഷം ആൺ ഞണ്ടുകൾ ആദ്യം മടങ്ങും . പെൺ ഞണ്ടുകൾ മാളങ്ങളിൽ മുട്ടകൾ വിരിയിക്കാൻ തങ്ങുകയും ശേഷം തിരിച്ച് പോകുകയും ചെയ്യും.
റെഡ് ക്രാബ് വിഭാഗത്തിലെ ഒരു പെണ്‍ ഞണ്ട് ഒറ്റതവണ ഒരു ലക്ഷത്തോളം മുട്ടകളിടുമെന്നാണ് കണക്ക്. വിവിധ ഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന ലാർവ മൂന്നാഴ്ച കൊണ്ട് പൂർണാവസ്ഥയിലെത്തി കുഞ്ഞുങ്ങളാകുന്നു. ഇതോടെ യാത്ര പൂർത്തിയാക്കി ഞണ്ടുകൾ കാട്ടിലേക്ക്. യാത്ര സുഗമമാക്കാൻ ദ്വീപിലുടനീളം കിലോമീറ്ററുകളോളം റോഡുകൾ അടയ്ക്കുകയും , ബോർഡുകൾ സ്ഥാപിക്കുകയും ചെയ്യും.
യാത്രക്കായി പ്രത്യേക ഞണ്ട് പാലങ്ങളും തയ്യാറാക്കുന്നു. പ്രാദേശിക റേഡിയോയിലൂടെ യാത്രയുടെ തത്സമയ വിവരങ്ങൾ ജനങ്ങൾക്ക് കൈമാറുകയും ചെയ്യും. നിരനിരയായി കൂട്ടോത്തോടെയുള്ള ഇവരുടെ ചുവപ്പൻ യാത്ര ആസ്വദിക്കാനും വിനോദ സഞ്ചാരികൾ ഇവിടേക്ക് എത്താറുണ്ട്.



