കാനഡ എഡ്മിൻ്റണിലെ അസോസിയേഷൻ ഫോർ സോഷ്യൽ സർവീസസ് എഡ്യൂക്കേഷൻ ട്രെയിനിങ് (അസറ്റ് ) നടത്തുന്ന മഞ്ചാടി മലയാളം സ്കൂൾ കണിക്കൊന്ന സർട്ടിഫിക്കേറ്റ് വിതരണവും, കേരള ദിനാഘോഷവും നടത്തി. കേരള സർക്കാരിൻ്റെ മലയാളം മിഷന്റെ രണ്ട് വർഷത്തെ മലയാള പഠന പദ്ധതിയാണ് കണിക്കൊന്ന.
റെയ്ഹാൻ മുഹമ്മദ്, മുഹമ്മദ് യാസീൻ, ജമീൽ കുഞ്ഞുമുഹമ്മദ്,
അഥിതി ബെവിൻ, ഒലിവിhയ അനിൽ,ഒസാന അനിൽ, അന്ന മരിയ ഡോണിൽ, ഇവാൻ അലക്സ് എന്നീ എട്ട് വിദ്യാർത്ഥികളാണ് കണിക്കൊന്ന പരീക്ഷ പാസായി, മലയാളം മിഷൻ്റെ സർട്ടിഫിക്കറ്റുകൾ കരസ്ഥമാക്കിയത്.
ഏകദേശം ഇരുപതിനായിരത്തിലധികം മലയാളികൾ താമസിക്കുന്ന കാനഡയിലെ എഡ്മിൻ്റ്റണിൽ ആദ്യമായാണ് കുട്ടികൾ മലയാളം മിഷൻ്റെ സർട്ടിഫിക്കേറ്റ് പരീക്ഷ പൂർത്തിയാക്കുന്നത്. മഞ്ചാടി മലയാളം സ്കൂളിൽ കണിക്കൊന്ന കോഴ്സിലും സൂര്യകാന്തി ഡിപ്ലോമ കോഴ്‌സിലും ആയി അൻപതോളം വിദ്യാർത്ഥികൾ മലയാളം പഠിക്കുന്നുണ്ട്.
ബ്രൂക്ക്സൈഡ് ഹാളിൽ നടന്ന കേരള ദിനാഘോഷത്തിന് മഞ്ചാടി മലയാളം സ്ക്കൂൾ പ്രിൻസിപ്പൽ അമ്പിളി സാജു സ്വാഗതം പറഞ്ഞു. എഡ്മിൻ്റൻ ഹിന്ദി പരിഷത്ത് പ്രസിഡണ്ട് ശ്രീ. പുനീത്, ഹിന്ദി സ്കൂൾ പിൻസിപ്പൽ ശ്രീമതി അൽക്ക എന്നിവർ വിശിഷ്ട അതിഥികൾ ആയിരുന്നു. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട വിദ്യാർത്ഥികൾക്ക് അഭിനന്ദന സന്ദേശം നൽകി. മലയാളം മിഷൻ കാനഡ കോർഡിനേറ്റർ ജോസഫ് ജോൺ ആശംസ നൽകി. മഞ്ചാടി മലയാളം സ്കൂൾ വിദ്യാർഥികളും കുടുംബാംഗങ്ങളും പങ്കെടുത്ത പരിപാടിയിൽ കേരളത്തിൻ്റെ തനിമ വിളിച്ചോതുന്ന മോഹിനിയാട്ടം, നാടോടിനൃത്തം, തിരുവാതിര, നാടൻപാട്ട്, തുടങ്ങിയ കലാപരിപാടികൾ അവതരിപ്പിച്ചു. അസറ്റ് പ്രസിഡൻ്റ് ഡോ.ബൈജു പി.വി. പരിപാടിക്ക് നന്ദി പറഞ്ഞു. അസറ്റ് സെക്രട്ടറി ജോഷി ജോസഫ്, ട്രഷറർ അനിൽ മാത്യു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ജോസഫ് ജോൺ കാൽഗറി



