ബിഹാറിൽ രണ്ടാംഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 122 മണ്ഡലങ്ങളിലെ പ്രചാരണമാണ് അവസാനിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള ദേശീയ നേതാക്കൾ ഇന്നും എൻഡിഎയ്ക്ക് വേണ്ടി തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും. രാഹുൽഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ മഹാസഖ്യത്തിനായി പ്രചാരണത്തിനുണ്ട്.
ആദ്യഘട്ട വോട്ടെടുപ്പിലെ റെക്കോർഡ് പോളിംഗ് മുന്നണികളിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് രണ്ടാംഘട്ടത്തിൽ പരമാവധി വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പാർട്ടികൾ. അതേസമയം ബിഹാറിലെ സമസ്തിപൂരിൽ റോഡരികിൽ വിവിപാറ്റ് സ്ലിപ്പുകൾ കണ്ടെത്തിയ സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് കമ്മീഷൻ സസ്പെൻഡ് ചെയ്തു. പോലീസ് കേസും രജിസ്റ്റർ ചെയ്തു. മോക്ക് പോളിംഗിന് ഉപയോഗിച്ച സ്ലിപ്പുകളാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിച്ചു.സംസ്ഥാനത്ത് ആദ്യഘട്ടത്തിൽ 65 ശതമാനത്തിനു മുകളിൽ പോളിംഗ് നടന്നതായി തെരഞ്ഞെടുപ്പ് കമ്മീഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. ഉയർന്ന വോട്ടിംഗ് ശതമാനം ആരെ തുണയ്ക്കും എന്ന ആശങ്കയിലാണ് മുന്നണികൾ.



