തദ്ദേശ തെരഞ്ഞെടുപ്പിൽ അവകാശങ്ങൾ മറന്നു വിട്ടുവീഴ്ച ഇല്ല എന്ന് കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫ്. അധികമായി വന്ന സീറ്റുകളിൽ ആവശ്യം ഉന്നയിക്കുമെന്നും പിജെ ജോസഫ് വ്യക്തമാക്കി. പരിഗണന കിട്ടിയില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കാനാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളിൽ വിജയ സാധ്യതക്ക് മുൻതൂക്കം നൽകി എടുത്ത വിട്ടുവീഴ്ചകൾ ഇത്തവണ ഉണ്ടാകില്ല എന്നാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. നിലവിലുള്ള സിറ്റിംഗ് സീറ്റുകളിൽ ഉറച്ചുനിൽക്കുന്നതിനോടൊപ്പം, അധികമായി വന്ന സീറ്റുകളിലും അവകാശമുന്നയിക്കാനാണ് തീരുമാനം.
എറണാകുളം ജില്ലയിലെ കോടനാട് സീറ്റ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വിട്ടു നൽകിയതാണ്. നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഇതേ സീറ്റിലെ വിജയിയുമാണ്. ഈ സീറ്റ് ആവശ്യപ്പെടുന്നതിനോടൊപ്പം, തിരുവനന്തപുരം കോർപ്പറേഷനിലെ സീറ്റുകളിലും പിന്നോട്ടില്ല എന്ന നിലപാടാണ് പാർ്ട്ടി. ജനതദൾ വിട്ട് കേരള കോൺഗ്രസിലേക്ക് എത്തിയവർക്കടക്കം സീറ്റിന് അവകാശം ഉണ്ട് എന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്.വിട്ടുവീഴ്ച ഇല്ലെങ്കിൽ കെഎസ് ശബരിനാഥൻ അടക്കമുള്ള പ്രമുഖ നേതാക്കൾക്കെതിരെ മത്സരിക്കും. ഇടുക്കി ജില്ലയിലെ വനിത സംവരണ വാർഡുകളെല്ലാം നിലവിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെതാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇത്തവണ വനിതാ സംവരണം ആയതിനാൽ, കോൺഗ്രസ് ആവശ്യമുന്നിക്കാനും സാധ്യതയുണ്ട്. രണ്ട് ഘട്ട ചർച്ചകളിലും തീരുമാനമാകാത്തതിനാൽ ആവശ്യപ്പെട്ട സീറ്റുകളിൽ തനിച്ചു മത്സരിക്കാനും കേരള കോൺഗ്രസ് ഒരുങ്ങുന്നുണ്ട് എന്നാണ് സൂചന.



