ഫിലിപ്പീൻസിൻ്റെ കിഴക്കൻ തീരത്ത് ‘ഫങ് വോങ്’ ചുഴലിക്കൊടുങ്കാറ്റ് കരതൊടും മുമ്പേ തന്നെ വെള്ളപ്പൊക്കം ശക്തമായതിനെ തുടർന്ന് ഒരു ദശലക്ഷത്തിലേറെ ആളുകളെ ഒഴിപ്പിച്ചു. ഞായറാഴ്ച ചുഴലിക്കൊടുങ്കാറ്റിൽ കുറഞ്ഞത് രണ്ട് പേർ മരിച്ചെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ദ്വീപ് സമൂഹത്തിൻ്റെ പല ഭാഗങ്ങളിലും കാറ്റും കനത്ത മഴയും ഈ ചുഴലിക്കൊടുങ്കാറ്റ് കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നു. കൽമേഗി ചുഴലിക്കാറ്റ് രാജ്യത്ത് ആഞ്ഞടിച്ച് 224 പേരുടെ മരണത്തിനിടയാക്കുകയും 135 പേരെ കാണാതാവുകയും ചെയ്തതിന് ദിവസങ്ങൾക്ക് ശേഷമാണ് രണ്ടാമത്തെ ചുഴലിക്കൊടുങ്കാറ്റ് രാജ്യത്തേക്ക് വരുന്നത്. രക്ഷാപ്രവർത്തകരുടെ സുരക്ഷാ ആശങ്കകൾ കാരണം കാണാതായവർക്കായുള്ള തിരച്ചിൽ ഞായറാഴ്ച നിർത്തിവയ്ക്കേണ്ടി വന്നു.
ഞായറാഴ്ച ഫങ് വോങ് ചുഴലിക്കാറ്റിൽ കുറഞ്ഞത് രണ്ട് മരണങ്ങളെങ്കിലും റിപ്പോർട്ട് ചെയ്യപ്പെട്ടു. കാറ്റാൻഡുവാനസിൽ ഒരാൾ മുങ്ങിമരിച്ചതായും, കാറ്റ്ബലോഗൻ സിറ്റിയിലെ തകർന്ന ഒരു വീട്ടിൽ ഒരു സ്ത്രീ കുടുങ്ങിയതായും സിവിൽ ഡിഫൻസ് ഓഫീസ് റിപ്പോർട്ട് ചെയ്തു. 64 വയസ്സുള്ള സ്ത്രീയുടെ മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തതായി കാറ്റ്ബലോഗൻ സിറ്റിയിലെ രക്ഷാപ്രവർത്തകനായ ജൂനിയൽ ടാഗരിനോ പറഞ്ഞു.
പ്രാദേശികമായി ഉവാൻ എന്നറിയപ്പെടുന്ന ചുഴലിക്കാറ്റ് ഞായറാഴ്ച രാത്രിയോടെ കരയിലേക്ക് ആഞ്ഞടിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫിലിപ്പീൻസിലെ പ്രധാന ദ്വീപായ ലുസോണിൽ ഞായറാഴ്ച വൈകുന്നേരം കനത്ത മഴയും മണിക്കൂറിൽ 185 മുതൽ 230 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റ് വീശിയടിച്ചു. രാജ്യത്തുടനീളം 1.2 ദശലക്ഷത്തിലധികം ആളുകളെ മുൻകൂട്ടി ഒഴിപ്പിച്ചതായി സിവിൽ ഡിഫൻസ് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ റാഫേലിറ്റോ അലജാൻഡ്രോ ഒരു വാർത്താസമ്മേളനത്തിൽ പറഞ്ഞു. 300 വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്.



