ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ആഭിമുഖ്യത്തിൽ
കേരളദിനം ഫിലാഡൽഫിയയിൽ ആഘോഷിച്ചു. കേരളത്തിന്റെ
പൈതൃകവും ഐക്യവും അനുസ്മരിപ്പിക്കുന്ന ഈ പരിപാടിയിൽ
ട്രൈസ്റ്റേറ്റ് പ്രദേശത്തെ മലയാളി സമൂഹിക സാംസ്കാരിക നേതാക്കൾ
പങ്കെടുത്തു.മലയാള സിനിമാ നടൻ, നിർമ്മാതാവ്, എഴുത്തുകാരൻ എന്ന നിലകളിൽ പ്രശസ്തനായ തമ്പി ആന്റണി, മലയാള എഴുത്തുകാരനും സിനിമാ സംവിധായകനുമായ സോഹൻലാൽ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു.
വിശിഷ്ട അതിഥികളും സംഘടനാ പ്രതിനിധികളും ചേർന്ന് നിലവിളക്ക്
തെളിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചതിനെ തുടർന്ന് ഹാളിൽ
ദേശാഭിമാനത്തിന്റെ ആവേശം നിറച്ചുകൊണ്ട് അമേരിക്കൻ ദേശീയഗാനം
റിവ റോണി വറുഗീസും ഇന്ത്യൻ ദേശീയഗാനം ജേസൺ വറുഗീസും
ആലപിച്ചു.
ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ ജോയിന്റ് സെക്രട്ടറി സുമോദ് നെല്ലികാല
ട്രെഷറർ ജോർജ് ഓലിക്കൽ എന്നിവർ യോഗ നടപടികൾ നിയന്ത്രിച്ചു.
കേരളദിനാഘോഷ കമ്മിറ്റി ചെയർമാൻ രാജൻ സാമുവൽ തന്റെ സ്വാഗത
പ്രസംഗത്തിൽ ട്രൈസ്റ്റേറ്റ് കേരള ഫോറം മലയാളികളുടെ ഐക്യം
നിലനിർത്താനും കേരളത്തിന്റെ സമ്പന്നമായ സംസ്കാരം വിദേശത്ത്
പരിപാലിക്കാനുമുള്ള പ്രവർത്തനങ്ങൾ തുടരുമെന്ന് പറഞ്ഞു.
ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ ബിനു മാത്യു തന്റെ പ്രസിഡൻഷ്യൽ
പ്രസംഗത്തിൽ സമൂഹത്തിലെ എല്ലാ മലയാളികളും ഒരുമിച്ച്
കേരളത്തിന്റെ ആത്മാവിനെ നിലനിർത്തുന്നതിൽ അഭിമാനം
പ്രകടിപ്പിച്ചു.തമ്പി ആന്റണി മുഖ്യപ്രഭാഷണത്തിൽ കേരളത്തിന്റെ കലാ-
സാംസ്കാരിക പൈതൃകം ലോകമെമ്പാടുമുള്ള മലയാളികൾ
അഭിമാനത്തോടെ ഉയർത്തിക്കാട്ടേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി.
സോഹൻലാൽ, തന്റെ അഭിവാദ്യ പ്രസംഗത്തിൽ യുവതലമുറ കലയും
സാഹിത്യവും വഴി തന്റെ അടിത്തറ തിരിച്ചറിയാൻ പ്രേരിപ്പിക്കണമെന്ന്
അഭിപ്രായപ്പെട്ടു.ജോർജ് നടവയൽ, അലക്‌സ് തോമസ്, ജോബി ജോർജ്, സുധ കർത്ത,ഫിലിപ്പോസ് ചെറിയാൻ, തോമസ് പോൾ, ജീമോൻ ജോർജ്, സുരേഷ്
നായർ, റോണി വർഗീസ്, എന്നിവർ ആശംസ അർപ്പിച്ചു.
പമ്പ അസോസിയേഷൻ, കോട്ടയം അസോസിയേഷൻ, ഫ്രണ്ട്സ് ഓഫ്
തിരുവല്ല, ഫ്രണ്ട്സ് ഓഫ് റാന്നി, എന്നീ മലയാളി സംഘടനകളുടെ
പ്രെതിനിധികൾ ആശംസകൾ ആശംസകൾ അർപ്പിക്കാൻ എത്തിയിരുന്നു.
ഓണം ചെയർമാൻ അഭിലാഷ് ജോൺ നന്ദിപ്രെകാശനം നടത്തി. പിന്നാലെ
കേരളത്തിന്റെ സമ്പന്നമായ കലാസാംസ്കാരിക പൈതൃകത്തെ
പ്രതിഫലിപ്പിക്കുന്ന മനോഹരമായ ഗാന സന്ധ്യയോടെ ആഘോഷങ്ങൾ
സമാപിച്ചു. ജെയ്‌സൺ വറുഗീസ്, രാജു ജോൺ, സുമോദ് റ്റി നെല്ലിക്കാല
എന്നിവർ ഗാനാലാപനം നടത്തുകയുണ്ടായി. സിജിൻ തിരുവല്ല നിശ്ചല
ഛായാഗ്രഹണം നിർവഹിച്ചു.
കേരളീയതയുടെ നിറം പകർന്ന ഈ ദിനം, ഫിലാഡൽഫിയ ട്രൈസ്റ്റേറ്റ്
ഏരിയയിലെ മലയാളികളുടെ ഐക്യത്തിൻ്റെയും
പൈതൃകബന്ധത്തിന്റെയും സുന്ദര ഉദാഹരണമായി മാറി.
സുമോദ് തോമസ് നെല്ലിക്കാല



