അമേരിക്കയിലെ മലയാളി കൂട്ടായ്‍മകളുടെ പതിവ് ആഘോഷങ്ങൾക്ക് വ്യത്യസ്തമായി നാം ജനിച്ചു വളർന്ന കേരളത്തിന്റെ പിറവിയുടെ 69 മത് വാർഷികത്തെ കേരളത്തിന്റെ തനതായ കലകളെയും രുചി വൈഭവങ്ങളെയും കോർത്തിണക്കി ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ (HRA)അവതരിപ്പിച്ച കേരളപ്പിറവി ആഘോഷം “കേരളോത്സവം ” A Journey Though Tradition’ വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയവും വർണാഭവുമായി.
2009ൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച ഹൂസ്റ്റൺ റാന്നി അസ്സോസിയേഷൻ നാളിതു വരെയുള്ള വ്യസ്ത്യസ്തമായ പ്രവർത്തനങ്ങൾകൊണ്ട് അമേരിക്കയിലെ മലയാളി കൂട്ടായ്മകളിൽ മികവുറ്റതായി മാറിക്കഴിഞ്ഞു.
നവംബർ 2 നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മാഗ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ഈ ചടങ്ങിൽ റാന്നി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന ഒരു മനോഹര കേരള മേളയായിരുന്നു അരങ്ങേറിയത്. നാട്യ, നൃത്ത, സംഗീത പ്രദർശനങ്ങളിലൂടെ കേരളത്തനിമ നിറഞ്ഞൊരു നയനമനോഹര കാഴ്ചകളൊരുക്കിയ ഒരു കലാമേളയായി അത് മാറി.
എച്ച്.ആർ.എ പ്രസിഡൻറ് ബിജു സഖറിയയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതു സമ്മേളനം ഡിഡ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ കെ. പട്ടേൽ ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വിനോദ് ചെറിയാൻ സ്വാഗതം അറിയിച്ചു. പോലീസ് ക്യാപ്റ്റൻ മനോജ് പൂപ്പാറയിൽ വിശിഷ്ഠാതിഥിയായിരുന്നു
ജഡ്ജ് ജൂലി മാത്യു,മാഗ് പ്രസിഡൻറ് ജോസ് കെ. ജോൺ എന്നിവർ പ്രസംഗിച്ചു. ഉപരക്ഷാധികാരിയും മാധ്യമ പ്രവർത്തകനുമായ ജീമോൻ റാന്നി കേരളപ്പിറവി ദിന സന്ദേശം നൽകി.
വൈസ് പ്രസിഡൻറ് ജിൻസ് മാത്യു റാന്നി വിശിഷ്ടാതിഥികളെ പരിചയപ്പെടുത്തി നിലവിളക്കു കൊളുത്തി ഉത്ഘാടനം ചെയ്യുവാൻ ക്ഷണിച്ചു. ട്രഷറർ ബിനു സഖറിയ കൃതജ്ഞതാ പ്രസംഗം നടത്തി.
HRA യുടെ സ്വന്തം ചെണ്ടമേളം ടീം (ജേക്കബ് കുരുവിള ആൻഡ് ടീം) ഉത്സവത്തിന് കൊഴുപ്പേകി.ഹൂസ്റ്റണിലെ റാന്നിക്കാരായ പ്രമുഖ ഗായകർ ആലപിച്ച കർണാനന്ദകരമായ മധുര മനോഹര ഗാനങ്ങൾ സദസിന്റെ നിറഞ്ഞ കൈയടി നേടി. മെവിൻ ജോൺ, ബിനോയ് തോമസ്, തുടങ്ങിയവർ ഗാനങ്ങ ആലപിച്ചു. ഗായിക മീര സക്കറിയയുടെ പ്രാർത്ഥനാ ഗാനത്തോടെ കലാപരിപാടികൾ ആരംഭിച്ചു.
നൈനിക ഡാനിയൽ, ദിയ ലിസാൻ തേവേർവലിൽ, ആര്യ സാറാ തെവേർവലിൽ എന്നീ കുട്ടികൾ അവതരിപ്പിച്ച നൃത്തങ്ങൾ, കെസിയ രാജുവിന്റെ ശാസ്ത്രീയ നൃത്തം, ദീന അലക്‌സ് അവതരിപ്പിച്ച മോഹിനിയാട്ടം, റെജി കളത്തിൽ, ശ്രീദേവി അനിൽകുമാർ, സുസൻ ജേക്കബ് എന്നിവർ ചേർന്ന് അവതരിപ്പിച്ച സെമിക്ലാസിക്കൽ നൃത്തം തുടങ്ങിയവ ആഘോഷങ്ങൾക്ക് മറ്റൊരു മുഖം നൽകി.
ബിജു സാക്, ബിനു സാക് & സംഘം അവതരിപ്പിച്ച പുരുഷന്മാരുടെ “ഒപ്പന” നൃത്തം വേറിട്ടതും ആഘോഷ രാവിന് മിഴിവും നൽകി.
കേരളമന്നൻ, കേരളമങ്ക മൽസരങ്ങൾ പുതുമയാർന്നതും പരിപാടിക്ക് തിളക്കവുമേകി.അനിൽ ജനാർദ്ദനൻ – ശ്രീദേവി അനിൽകുമാർ ദമ്പതികൾ കേരള മന്നൻ മങ്ക കിരീടം നേടിയപ്പോൾ ബിനു സഖറിയ, സുജ ബിനു ദമ്പതികൾ രണ്ടാം സ്‌ഥാനം നേടി.
ലതീഷ് കൃഷ്‌ണൻ, സുജ കോശി,റീന സജു എന്നിവർ ഈ മൽസരത്തിനു വിധികർത്താക്കളായിരുന്നു.
കലാപ്രതിഭകൾക്കുള്ള അവാർഡ് ദാനത്തിന് ജോയിൻറ് സെക്രട്ടറി ബാബു കലീനാ അതിഥികളെ ക്ഷണിച്ചു.
തനി കേരളീയ വിഭവങ്ങളോടുകൂടിയ അത്താഴ സദ്യയോടെ കേരളോത്സവം സമാപിച്ചു.ഉപരക്ഷാധികാരി ജോയ് മണ്ണിൽ, യൂത്ത് കോർഡിനേറ്റർ ജെഫിൻ നൈനാൻ എന്നിവർ കപ്പ പുഴുക്ക്, നാടൻ ശമ്മന്തി, ചക്ക വേവിച്ചത്. കൊഴുക്കട്ട,
ഉഴുന്ന് വട തുടങ്ങിയ നാടൻ ഭക്ഷണ വിഭവങ്ങളുടെ കലവറ നിയന്ത്രിച്ചു.
ജോയിന്റ് ട്രഷറർ സ്റ്റീഫൻ ഏബ്രഹാം, സെന്നി ഹൂസ്റ്റൺ(ഹൂസ്റ്റൺ വോയിസ്), എവെലിൻ മാത്യു , സ്നേഹ തോമസ് തുടങ്ങിവയ്വർ വീഡിയോ ഫോട്ടോഗ്രാഫി ടീമിന് നേതൃത്വം നൽകിയപ്പോൾ ബിജു സഖറിയ,ഡില്ലൻ സഖറിയ എന്നിവർ സൗണ്ട്സ് ആൻഡ് എഫക്ട് നിയന്ത്രിച്ചു.കേരത്തിന്റെ പച്ചപ്പ് പ്രമേയമാക്കി ഒരുക്കിയ “ഫോട്ടോ ബൂത്ത്” ജന ശ്രദ്ധയാകർഷിച്ചു. മറിയാമ്മ ഏബ്രഹാം (ജെസ്സി), റീന സജി, ജിൻസി ജിനി എന്നിവർ റെജിസ്ട്രേഷൻ കൗണ്ടറിന്റെ ചുമതല നിർവഹിച്ചു.
അനിൽ ജനാർദ്ദനൻ, അനില സന്ദീപ് (പ്രോഗ്രാം കോർഡിനേറ്റർ) എന്നിവർ എംസിമാരായി 3 മണിക്കൂർ നീണ്ടുനിന്ന പരിപാടികൾ നിയന്ത്രിച്ചു.
HRA ഭാരവാഹികളായ ബിജു സക്കറിയ, വിനോദ് ചെറിയാൻ,ബിനു സക്കറിയ, ജിൻസ് മാത്യു, ബാബു കലീന, റീന സജി, ജീമോൻ റാന്നി,ജോയ് മണ്ണിൽ, മാത്യൂസ് ചാണ്ടപ്പിള്ള , എബ്രഹാം ജോസഫ് (ജോസ്), സന്ദീപ് തേവർവെലിൽ, സജി ഇലഞ്ഞിക്കൽവി തുടങ്ങിയവരുടെ നേതൃത്ത്വത്തിൽ വിവിധ കമ്മിറ്റികൾ പരിപാടിയുടെ വൻ വിജയത്തിനായി പ്രവർത്തിച്ചു.
സന്ദീപ് തേവർവലിൽ മെഗാ സ്പോൺസർ (പെറി ഹോംസ്), രെഞ്ചു രാജ് (വിൻഡ്സർ മോർട്ട്ഗേജ്), മാത്യൂസ് ചാണ്ടപിള്ള, ജീമോൻ റാന്നി, ജൈജു കുരുവിള (TWFG ഇൻഷുറൻസ് ഗ്രൂപ്പ്), സുബിൻ കുമാരൻ (കിയാൻ ഇൻ്റർനാഷണൽ LLC & കിയാൻ ലോജിസ്റ്റിക്സ് Ltd), ബിജു സക്കറിയ (സാക്ക് ഓഡിയോ ലൈവ് റെക്കോഡിങ് & മിക്സിംഗ്), ബാലു സക്കറിയ (ബാലു സാക് സൂട്ട്) എന്നിവരുടെ സ്‌പോൺസർഷിപ്പിൻ്റെയും മറ്റു വെൽ വിഷേഴ്സിന്റെയും സഹായത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്.



