തമിഴ് നടൻ അഭിനയ് കിങ്ങർ (44) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഏറെ നാളായി കരൾ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ദക്ഷിണേന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷൻ അംഗങ്ങളാകും നടന്റെ അന്ത്യകർമങ്ങൾ നടത്തുക.
കസ്തൂരി രാജ സംവിധാനം ചെയ്ത തുള്ളുവതോ ഇളമൈ (2002) എന്ന ചിത്രത്തിലൂടെയാണ് അഭിനയ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ജെ-ജംഗ്ഷൻ (2002), ശിങ്കാര ചെന്നൈ (2004), പൊൻ മേഗലൈ (2005), സൊല്ല സൊല്ല ഇനിക്കും (2009), പാലൈവന സോളൈ (2009) തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. തുപ്പാക്കി (2012), അൻജാൻ (2014) എന്നീ ചിത്രങ്ങളിൽ ഡബിങ് ആർട്ടിസ്റ്റായും പ്രവർത്തിച്ചു. കയ്യെത്തും ദൂരത്ത് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലും അഭിനയ് മുഖം കാണിച്ചിട്ടുണ്ട്.
മാസങ്ങളായി അഭിനയ് കരൾ രോഗവുമായി മല്ലിടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ദേശീയ അവാർഡ് ജേതാവായ നടി രാധാമണിയുടെ മകനാണ് അഭിനയ്.



