സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ വാർത്താ സമ്മേളനത്തിലാണ് തീയതികൾ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായും തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു.
രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഡിസംബർ 9, 11 തീയതികളിലായായാണ് വോട്ടെടുപ്പ് നടക്കുക. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിൽ ഡിസംബർ 9നും തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ഡിസംബർ 11നും വോട്ടെടുപ്പ് നടക്കും. രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാകും വോട്ടെടുപ്പ്. പോളിംഗിന് ഒരു മണിക്കൂർ മുൻപ് മോക് പോൾ നടത്തും. 33,746 പോളിങ് കേന്ദ്രങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക. ഗ്രാമ തലത്തിൽ ഒരാൾക്ക് മൂന്ന് വോട്ടും, നഗരത്തിൽ ഒരു വോട്ടുമാണ് ചെയ്യാനാകുക.
ഡിസംബർ 13ന് വോട്ടെണ്ണൽ നടക്കും. നവംബർ 14 മുതൽ 21 വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനാകുക.
1,249 റിട്ടേണിങ് ഓഫീസർമാരെയും സുരക്ഷയ്ക്കായി പരിശീലനം 70,000 പൊലീസുകാരെയും നിയോഗിക്കും. 15ലധികം സ്ഥാനാർഥികൾ ഉണ്ടെങ്കിൽ അധിക വോട്ടിങ് മെഷീനുകൾ ഒരുക്കും. മാതൃകാ പെരുമാറ്റച്ചട്ടം മാധ്യമപ്രവർത്തകർക്കും ബാധകമാകും. ഫേക്ക് ന്യൂസ്, എഐ ദുരുപയോഗം എന്നിവ തടയും. വോട്ടെടുപ്പ് ദിവസം സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാർക്ക് വോട്ട് ചെയ്യാനുള്ള സമയം അനുവദിക്കണം.
23,576 വാർഡുകൾ, 941 പഞ്ചായത്തുകൾ, 152 ബ്ലോക്ക് പഞ്ചായത്ത്, 87 നഗരസഭ, 14 ജില്ലാ പഞ്ചായത്ത്, ആറ് കോർപ്പറേഷൻ എന്നിവിടങ്ങളിലേക്കാകും തെരഞ്ഞെടുപ്പ് നടക്കുക. മട്ടന്നൂർ ഒഴികെ ആകെ 1199 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കായിരിക്കും തെരഞ്ഞെടുപ്പ് നടക്കുക.
സംസ്ഥാനത്ത് 1,33,52,996 പുരുഷന്മാരും, 1,49,59,273 സ്ത്രീകളും, 281 ട്രാൻസ്ജെൻഡേഴ്സും ഉൾപ്പെടെ 2,84,30,761 വോട്ടർമാരാണ് അന്തിമ വോട്ടർ പട്ടികയിലുള്ളത്. 2841 പ്രവാസി വോട്ടർമാരാണ് ഉള്ളത്. അന്തിമ വോട്ടർ പട്ടിക നവംബർ 14ന് പ്രസിദ്ധീകരിക്കും.



