സംസ്ഥാനത്ത് ലോഡ് ഷെഡിംഗ് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. വാൽവുകളിൽ ഗുരുതര ചോർച്ച ശ്രദ്ധയിൽപ്പെട്ടതിനാൽ ഇടുക്കി അണകെട്ടിൽ നിന്ന് ഒരു മാസം വൈദ്യുതി ഉത്പാദനം മുടങ്ങും. 300 മെഗാവാട്ട് വൈദ്യുതി ഹ്രസ്വകാല കരാറിലൂടെ വാങ്ങി പ്രതിസന്ധി പരിഹരിക്കുമെന്നും വൈദ്യുതി നിരക്ക് വർധനയുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.
ജനറേറ്ററുകളുടെ വാൽവുകളുടെ അറ്റകുറ്റപണി വൈകിപ്പിച്ചാൽ സുരക്ഷയെ ബാധിക്കും. ചില വാൽവുകളിൽ ഗുരുതര ചോർച്ച ശ്രദ്ധയിൽപ്പെട്ടുവെന്നും മന്ത്രി പറഞ്ഞു. വൈദ്യുതി നിർമാണം പൂർണമായും നിർത്തും. വിൽപന നടത്തിയ 400 മെഗാവാട്ട് അധിക വൈദ്യുതി മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ച് വാങ്ങും. 300 മെഗാവാട്ട് വൈദ്യുതി ഹ്രസ്വകാല കരാറിലൂടെ വാങ്ങി പ്രതിസന്ധി പരിഹരിക്കും. വൈദ്യുതി നിരക്ക് വർധനയുണ്ടാവില്ല. ലോഡ് ഷെഡിങ് നടപ്പാക്കക്കേണ്ടി വരില്ല. കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ജല വിഭവ വകുപ്പ് മന്ത്രിയുമായി ചർച്ച ചെയ്തു തീരുമാനം എടുത്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി എൽഡിഎഫ് തെരഞ്ഞെടുപ്പിന് ഒരുങ്ങിയെന്നും മികച്ച വിജയം തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേടുമെന്നും കെ. കൃഷ്ണൻകുട്ടി പറഞ്ഞു. സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങൾ തന്നെയാണ് എൽഡിഎഫിൻ്റെ പ്രചരണായുധം. ആർഎസ്എസിൻ്റെ ഗണഗീതം ജനാധിപത്യവിരുദ്ധമായ കാര്യമാണ്, ഒരിക്കലും അംഗികരിക്കാൻ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.



