സന്നിധാനത്ത് ഇന്ന് ദർശനെത്തിയ ഭക്തരുടെ എണ്ണം ഒരു ലക്ഷം കടന്നു. രാത്രി 10 മണി വരെ എത്തിയത് 100370 ഭക്തരാണ്. ശബരിമലയിൽ നാളെ സ്പോട്ട് ബുക്കിങ്ങിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. 5000 പേർക്ക് മാത്രമാണ് നാളെ സ്പോട്ട് ബുക്കിങ്ങ് അനുവദിക്കുക. ഭക്തരുടെ തിരക്ക് വർധിച്ചത് കാരണമാണ് പ്രത്യേക സമിതിയുടെ തീരുമാനം.
സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖരൻ സന്നിധാനത്ത് എത്തി സ്ഥിതിഗതികൾ വിലയിരുത്തി. ശബരിമല സന്നിധാനത്ത് തിരക്ക് നിയന്ത്രണ വിധേയമെന്ന് ഡിജിപി റവാഡ ചന്ദ്രശേഖർ അറിയിച്ചു. സന്നിധാനത്ത് രാത്രി 9.30 ഓടെ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം.
ഇന്ന് തിരക്ക് വർധിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നാളെ സ്പോട്ട് ബുക്കിംഗ് 5000 ആയി നിയന്ത്രിച്ചത്. ഭക്തർക്ക് പ്രയാസങ്ങളില്ലാത്ത തരത്തിൽ സുരക്ഷാ കാര്യങ്ങൾ ക്രമീകരിച്ചിട്ടുണ്ട്. നിലവിൽ യാതൊരു ആശങ്കകൾക്കും അടിസ്ഥാനമില്ലെന്നും കാര്യങ്ങൾ നല്ല നിലയ്ക്കാണ് പോകുന്നതെന്നും ഡിജിപി വ്യക്തമാക്കി.



