അബുദാബിയിലെ റഷ്യന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയ യുഎസ് സൈനിക സെക്രട്ടറി ഡാന്‍ ഡ്രിസ്‌കോള്‍. റഷ്യയും യുക്രെയ്‌നും തമ്മില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി യുഎസ് ചര്‍ച്ചകള്‍ നടത്തുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് യുഎസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയതായി റോയ്‌ട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
യുക്രെയ്‌നുമായുള്ള റഷ്യയുടെ യുദ്ധം അവസാനിപ്പിക്കുന്നതിനായി യുഎസ് മുന്നോട്ടുവച്ച പദ്ധതി ചര്‍ച്ചയാകുന്നതിനിടെയാണ് കൂടിക്കാഴ്ച നടന്നിരിക്കുന്നത്. യുഎസ് മുന്നോട്ട് വച്ച പദ്ധതി റഷ്യയ്ക്ക് അനുകൂലമാണെന്ന് കീവും യൂറോപ്യന്‍ സഖ്യ കക്ഷികളും വിമര്‍ശനം ഉന്നയിക്കുന്നതിനിടെയാണ് കൂടിക്കാഴ്ച നടന്നിരിക്കുന്നത്.
ചൊവ്വാഴ്ചയും ഡ്രിസ്‌കോള്‍ കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ട്. എന്നാല്‍ അത് റഷ്യന്‍ പ്രതിനിധികളുമായിട്ടാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും യുഎസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. യുക്രെയ്‌നിലെ പ്രതിനിധികളുമായും ഡ്രിസ്‌കോള്‍ ചര്‍ച്ചകള്‍ നടത്തിയേക്കുമെന്ന സൂചനകളുമുണ്ട്. അതേസമയം സംഭവത്തില്‍ വൈറ്റ് ഹൗസ് പ്രതികരിച്ചിട്ടില്ല.
അതേസമയം കഴിഞ്ഞ ദിവസം യുക്രെയ്നെതിരെ രൂക്ഷവിമര്‍ശനവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. റഷ്യയ്ക്കെതിരെയുള്ള യുദ്ധത്തില്‍ യുഎസ് പിന്തുണ നല്‍കിയിട്ടും യുക്രെയ്നിലെ നേതൃത്വം യുഎസിനോട് ഒരു വിധത്തിലുള്ള നന്ദിയും കാണിച്ചില്ലെന്ന് ട്രംപ് വിമര്‍ശിച്ചു. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ വിമര്‍ശനം.
യുക്രെയ്ന്‍ നേതൃത്വം നമ്മുടെ പരിശ്രമങ്ങളോട് യാതൊരു നന്ദിയും കാണിച്ചില്ല. യൂറോപ്പ് ആണെങ്കില്‍ റഷ്യയില്‍ നിന്ന് എണ്ണവാങ്ങുന്നത് തുടരുകയും ചെയ്യുന്നു. യുക്രെയ്‌നില്‍ വിതരണം ചെയ്യാന്‍ യുഎസ് നാറ്റോയ്ക്ക് വലിയ അളവില്‍ ആയുധങ്ങള്‍ വില്‍ക്കുന്നത് തുടരുന്നുണ്ടെന്നുമായിരുന്നു ട്രംപിന്റെ വിമര്‍ശനം.
ഓഗസ്റ്റില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനുമായി ചേര്‍ന്ന് തിരക്കിട്ട് അലാസ്‌ക ഉച്ചകോടി ചേര്‍ന്നപ്പോള്‍ തന്നെ യുഎസ് റഷ്യയുടെ പല ആവശ്യങ്ങളും അംഗീകരിക്കുമെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. റഷ്യക്ക് അനുകൂലമായ ഒരു സമാധാന ഉടമ്പടി നിര്‍ബന്ധിച്ച് യുക്രെയ്‌ന് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് യുഎസ് ചെയ്യുന്നതെന്ന് യുക്രെയ്‌നും യൂറോപ്യന്‍ സഖ്യകക്ഷികളും ഇതിനകം ആരോപണം ഉന്നയിച്ചിട്ടുണ്ട്.
റഷ്യ-യുക്രെയ്ന്‍ സമാധാനപദ്ധതിക്കുള്ള കരട് രേഖയുടെ വിശദാംശങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഡോണ്‍ബാസ് പ്രവിശ്യയിലെ ലുഹാന്‍സ്‌കും ഡൊണെറ്റ്സ്‌കും പൂര്‍ണ്ണമായും, കെര്‍സണും സപോരീഷ്യയും ഭാഗികമായും വിട്ടുനല്‍കണം, നിലവില്‍ 8,80,000 സൈനികരുടെ യുക്രെയ്ന്‍ സായുധസേനയുടെ വലുപ്പം, 6 ലക്ഷമായി കുറയ്ക്കും, യുക്രൈന് നാറ്റോ അംഗത്വം നല്‍കില്ല, ആവശ്യമെങ്കില്‍ യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം തേടാം എന്നിങ്ങനെയാണ് യുഎസ് മുന്നോട്ടുവച്ച 28 ഇന റഷ്യ-യുക്രെയ്ന്‍ സമാധാന പദ്ധതിയിലെ പ്രധാന നിര്‍ദേശങ്ങള്‍.
ഇരുപക്ഷവും കരാര്‍ അംഗീകരിച്ചാല്‍, ഉടനടി വെടിനിര്‍ത്തല്‍ എന്നാണ് ഉറപ്പ്. വെടിനിര്‍ത്തല്‍ നടപ്പിലായാല്‍ 100 ദിവസത്തിനുള്ളില്‍ യുക്രെയ്നില്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നും കരട് രേഖയില്‍ പറയുന്നു. ഗാസ സമാധാനകരാറിന്റെ മാതൃകയില്‍, യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അധ്യക്ഷനായ സമാധാന കൗണ്‍സിലാകും വെടിനിര്‍ത്തല്‍ നിരീക്ഷിക്കുന്നത്. റഷ്യ വെടിനിര്‍ത്തല്‍ ലംഘിച്ചാല്‍, സംയുക്ത സൈനിക പ്രതികരണമുണ്ടാകുമെന്നും, ഉപരോധങ്ങള്‍ പുനഃസ്ഥാപിക്കുമെന്നും കരാറില്‍ വ്യക്തമാക്കുന്നു. എന്നാല്‍ യുക്രെയ്ന്‍ തിരിച്ചടിച്ചാല്‍ ഈ ഉറപ്പ് അസാധുവാകും. സുരക്ഷാ ഉറപ്പുകള്‍ക്ക് പകരം, യുക്രെയ്ന്‍ യുഎസിന് നഷ്ടപരിഹാരം നല്‍കേണ്ടിവരും. റഷ്യയ്‌ക്കെതിരായ ഉപരോധങ്ങള്‍ ക്രമേണ പിന്‍വലിക്കാനും, ജി-8 കൂട്ടായ്മയിലേക്ക് റഷ്യയ്ക്ക് വീണ്ടും പ്രവേശം അനുവദിക്കാനും കരാര്‍ നിര്‍ദേശിക്കുന്നു.
അധിനിവേശ ഭൂമി വിട്ടുകൊടുത്ത് സമാധാനത്തിന് വഴങ്ങില്ല എന്നാണ് യുക്രെയ്‌ന്റെ ഇതുവരെയുള്ള നിലപാട്. എന്നാല്‍, വ്യാഴാഴ്ച യുക്രെയ്ന്‍ സുരക്ഷാ ഉപദേഷ്ടാവ് റുസ്തം ഉമറോവ് പരിശോധിച്ച്, പ്രസിഡന്റ് വൊളോഡിമര്‍ സെലെന്‍സ്‌കിക്ക് കൈമാറിയ കരാര്‍, യുക്രെയ്ന്‍ ഇതുവരെ തള്ളിയിട്ടില്ല. പകരം, യുഎസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നാണ് സെലന്‍സ്‌കിയുടെ പ്രതികരണം. അഥവാ കരാര്‍ തള്ളിയാല്‍, ഇപ്പോള്‍ നല്‍കിവരുന്ന ആയുധ- ഇന്റലിജന്‍സ് സഹായങ്ങള്‍ വെട്ടിക്കുറച്ച് യുഎസ് യുക്രെയ്നെ സമ്മര്‍ദ്ദത്തിലാക്കും.



