അമേരിക്കൻ സമാധാനപദ്ധതി യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ഭാവി കരാറുകളുടെ അടിസ്ഥാനമാകണമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ.യുക്രെയ്ൻ പിന്മാറിയില്ലെങ്കിൽ സൈനികമാർഗത്തിലൂടെ ഭൂമി കൈവശപ്പെടുത്തുമെന്നും പുടിൻ. ലുഹാൻസ്‌ക്, ഡൊണെറ്റ്‌സ്‌ക്, ഖേഴ്‌സൺ, സപ്പോറേഷ്യ പ്രദേശങ്ങൾ വിട്ടുകിട്ടണമെന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ലെന്നും പുടിൻ വ്യക്തമാക്കി.
അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫിന്റെ നേതൃത്വത്തിലുള്ള സംഘം വരുന്ന ആഴ്ച പുതുക്കിയ സമാധാനപദ്ധതി ചർച്ച ചെയ്യാനായി റഷ്യയിലെത്താനിരിക്കെയാണ് പുടിന്റെ പ്രതികരണം. കിർഗിസ്ഥാനിലെ ബിഷ്‌തെക്കിൽ മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു പുടിൻ. കരാറിൽ വരുത്തിയ മാറ്റങ്ങൾ ഈ ആഴ്ച അമേരിക്കൻ ആർമി സെക്രട്ടറി ഡാൻ ഡ്രിസ്‌കോളുമായി ചർച്ച ചെയ്യുമെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളൊദിമിർ സെലൻസ്‌കിയും വ്യക്തമാക്കി.



