കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. കേന്ദ്ര നയങ്ങളെ ശക്തമായി എതിർക്കണം. രാജ്യവ്യാപക പ്രതിഷേധങ്ങൾ ഉയരണം ജനാധിപത്യവും ഭരണഘടനയും നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. തൊഴിലുറപ്പ് പദ്ധതി നിർത്തലാക്കിയത് പാവപ്പെട്ടവരുടെ വയറ്റത്ത് അടിച്ച നടപടിയാണ്, വി ബി ജി റാം ജി ബില്ല് പാസാക്കിയതിലൂടെ രാഷ്ട്രപിതാവിനെ അപമാനിക്കുകയാണ് കേന്ദ്രം ചെയ്തത്, മോദി സർക്കാരിൻ്റെ തീരുമാനങ്ങൾ മുതലാളിമാർക്ക് വേണ്ടിയാണെന്നും മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി.
കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പിനൊരുങ്ങാൻ മല്ലികാർജുൻ ഖർഗെ നിർദേശം നൽകി. തദ്ദേശതിരഞ്ഞെടുപ്പിലെ വിജയത്തിൽ കേരളത്തിലെ നേതാക്കളെ ഖർഗെ അഭിനന്ദിക്കുകയും ചെയ്തു. കേരളത്തിലുണ്ടായത് മികച്ച വിജയമാണെന്നും പ്രവർത്തക സമിതി യോഗത്തിൽ അദ്ദേഹം പറയുകയുണ്ടായി.അതേസമയം, കോൺഗ്രസ് പ്രവർത്തകസമിതി യോഗം ഡൽഹിയിൽ പുരോഗമിക്കുകയാണ്.രാവിലെ 11 മണിയോടെ ഇന്ദിരാഭവനിൽ ആണ് യോഗം ആരംഭിച്ചത്. യോഗത്തിന് മുൻപായി കോൺഗ്രസ് അധ്യക്ഷൻ അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന് ആദരം അർപ്പിച്ചു. പാർട്ടിയുടെ ഭാവി പരിപാടികൾ യോഗത്തിൽ തീരുമാനിക്കും. കേരളത്തിൽ നിന്നുള്ള കൊടിക്കുന്നിൽ സുരേഷ് എംപി, കെ സുധാകരൻ എംപി, ശശിതരൂർ എംപി എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.



