ശബരിമല സ്വര്‍ണകൊള്ളക്കേസില്‍ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കോടതി തള്ളി. രണ്ട് കേസുകളിലെയും ജാമ്യഹര്‍ജിയാണ് കൊല്ലം വിജിലന്‍സ് കോടതി തള്ളിയത്. ഇനിയും തൊണ്ടി മുതല്‍ കണ്ടെടുക്കാന്‍ ഉണ്ടെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു.
ആദ്യം അറസ്റ്റിലായ ആളാണെന്നും, റിമാന്‍ഡ് 90 ദിവസം ആകുന്നു എന്നുമാണ് പോറ്റി കോടതിയില്‍ വാദിച്ചത്. ഇനിയും തൊണ്ടി മുതല്‍ കണ്ടെടുക്കാന്‍ ഉണ്ടെന്നും എസ്‌ഐടി കോടതിയെ അറിയിച്ചു. ഇത് അംഗീകരിച്ചാണ് ജാമ്യ ഹര്‍ജി തള്ളിയത്. രണ്ടാം തവണയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം നിഷേധിക്കുന്നത്. ആദ്യം സമര്‍പ്പിച്ച ജാമ്യപേക്ഷകള്‍ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് വീണ്ടും വിജിലന്‍സ് കോടതിയെ സമീപിച്ചത്.
കേസില്‍ തന്ത്രിയുടെ അറസ്റ്റ് രേഖപ്പെടുത്താന്‍ വിജിലന്‍സ് കോടതി എസ്‌ഐടിക്ക് ഇന്നലെ അനുമതി നല്‍കിയിരുന്നു. എസ്‌ഐടി ആവശ്യം പരിഗണിച്ചായിരുന്നു കോടതി നടപടി. അതേസമയം ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാറിനെ വീണ്ടും 14 ദിവസത്തേക്ക് ഇന്നലെ റിമാന്‍ഡ് ചെയ്തു.
അതേസമയം, ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ പി ശങ്കര്‍ദാസ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി കൊല്ലം ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. ശങ്കര്‍ദാസ് അബോധാവസ്ഥയിലാണെന്നാണ് ഫോട്ടോ സഹിതം അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. കോടതി ആവശ്യപെട്ട പ്രകാരം എസ്‌ഐടി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും കോടതി വിധി. നേരത്തെ എസ്‌ഐടിയോട് കെപി ശങ്കരദാസിന്റെ അസുഖം സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.



