വീറും വാശിയും നിറഞ്ഞ ആഫ്രിക്കന്‍ നാഷന്‍സ് കപ്പിന്റെ ഫൈനല്‍ മത്സരത്തിനൊടുവില്‍ കപ്പില്‍ മുത്തമിട്ട് സാദിയോ മനെയുടെ സെനഗല്‍. കളിക്കളത്തിലും പുറത്തും വീറും വാശിയുമുറ്റി നിന്ന കലാശപ്പോരില്‍ മറുപടിയില്ലാത്ത ഒരു ഗോളിനാണ് സെനഗല്‍ മൊറോക്കോയെ തോല്‍പ്പിച്ചത്. അധിക സമയത്തിലെ നാലാം മിനിറ്റില്‍ വിയ്യാറയല്‍ മധ്യനിര താരം കൂടിയായ പെപെ ഗുയെയാണ് സ്‌കോര്‍ ചെയ്തത്.
അവസാന നിമിഷങ്ങളില്‍ റഫറി മൊറോക്കോക്ക് അനുകൂലമായി പെനാല്‍റ്റി അനുവദിച്ചതില്‍ പ്രതിഷേധിച്ച് സെനഗല്‍ ടീം ഒന്നടങ്കം മൈതാനം വിട്ടുപോയെങ്കിലും പതിനഞ്ച് മിനിറ്റോളം നീണ്ട അനിശ്ചിതത്വത്തിന് ഒടുവില്‍ പെനാല്‍റ്റി അംഗീകരിക്കുകയും ടീം തിരികെ എത്തുകയുമായിരുന്നു. എന്നാല്‍ പെനാല്‍റ്റി കിക്ക് ഗോളാക്കി മാറ്റാന്‍ മൊറോക്കോക്ക് ആയില്ല. കിക്ക് എടുത്ത റയല്‍ മാഡ്രിഡ് അറ്റാക്കര്‍ കൂടിയായ ബ്രാഹിം ഡയസ് എടുത്ത പനാങ്കെ കിക്ക് സെനഗല്‍ കീപ്പര്‍ എഡ്വാര്‍ഡ് മെന്‍ഡി അനായാസം കൈപ്പിടിയിലൊതുക്കുകയായിരുന്നു. ഇത് രണ്ടാം തവണയാണ് സെനഗല്‍ ആഫ്രിക്കന്‍ ചാമ്പ്യന്‍മാരാകുന്നത്. ടൂര്‍ണമെന്റിലെ ബെസ്റ്റ് പ്ലെയര്‍ അവാര്‍ഡിന് അര്‍ഹനായത് സെനഗര്‍ സൂപ്പര്‍താരം സാദിയോ മനെയാണ്.



