ലോകത്തിലെ ഏറ്റവും വലിയതെന്ന് അവകാശപ്പെടുന്ന അപൂര്‍വ രത്‌നമായ ‘പര്‍പ്പിള്‍ സ്റ്റാര്‍ സഫയര്‍’ ശ്രീലങ്കയില്‍ അനാച്ഛാദനം ചെയ്തു. ശനിയാഴ്ചയാണ് കൊളംബോയില്‍ 3,563 കാരറ്റ് ഭാരമുള്ള രത്‌നം പുറത്തിറക്കിയത്.
300 ദശലക്ഷം മുതല്‍ 400 ദശലക്ഷം ഡോളര്‍ വരെ (ഏകദേശം 2,500 മുതല്‍ 3,300 കോടി രൂപ)യാണ് ഈ അമൂല്യ രത്‌നത്തിന്റെ വില. രത്‌നം വില്‍ക്കാന്‍ തയ്യാറാണെന്നാണ് ഉടമകള്‍ അറിയിച്ചിരിക്കുന്നത്. ഇത്രയും മൂല്യമുള്ള രത്‌നം ആര് വാങ്ങുമെന്നതാണ് ചോദ്യം.
വൃത്താകൃതിയിലുള്ള രത്‌നത്തിന് ‘സ്റ്റാര്‍ ഓഫ് പ്യുവര്‍ ലാന്‍ഡ്’ എന്നാണ് പേരിട്ടിരിക്കുന്നത്. ആറ് രശ്മികളുള്ള ഒരു നക്ഷത്ര രൂപം രത്‌നത്തില്‍ കാണാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. സ്വാഭാവികമായ പര്‍പ്പിള്‍ സ്റ്റാര്‍ സഫയറുകളില്‍ ഇത്രയും വലിപ്പമുള്ള മറ്റൊന്ന് കണ്ടെത്തിയിട്ടില്ല.



