യുദ്ധം തകർത്ത ഗാസയുടെ മണ്ണിൽ നിന്നും ഓടിയെത്തി ഒമാനിലെ മണ്ണില്‍ സ്ട്രോബറി വസന്തം തീര്‍ക്കുകയാണ് അഭയാര്‍ഥി കുടുംബം. യുദ്ധത്തിൽ എല്ലാം നഷ്ടമായപ്പോഴും ഒമാൻ്റെ മണ്ണിൽ നടത്തിയ പരീക്ഷണം പൂര്‍ണ വിജയം നേടിയ സന്തോഷത്തിലാണിവര്‍. കാലാവസ്ഥാ വെല്ലുവിളികളെ അതിജീവിച്ച് ഫരീസ് അൽ ഗുലും കുടുംബവും വിളയിച്ചെടുത്ത സ്ട്രോബറി പാടത്തേക്ക് നിരവധി സന്ദര്‍ശകരാണ് എത്തുന്നത്.
ഗാസയിലെ വടക്കുകിഴക്കന്‍ പ്രവിശ്യയിലെ ഒരു സുന്ദരമായ സ്ട്രോബറി കാലത്തിന്‍റെ ഓര്‍മകളില്‍ നിന്നാണ് ഒമാനിലെ ബര്‍ക്കയില്‍ അവര്‍ ഒരിക്കല്‍ കൂടി കൃഷിയിറക്കിയത്. യുദ്ധം അഭയാര്‍ഥികളാക്കി മാറ്റിയ പതിനായിരങ്ങളില്‍ പെട്ടവർ. പുതിയ ജീവിതം കെട്ടിപ്പെടുക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ഫരീസ് അൽ ഗുലും കുടുംബവും ബർക്കയിൽ സ്ട്രോബറി കൃഷിക്ക് മണ്ണൊരുക്കിയത്. യുദ്ധത്തിൽ ഭൂമി നഷ്ടപ്പെട്ട കൃഷി വിദഗ്ദരും ഇവര്‍ക്കൊപ്പം കൂടി.
ഈജിപ്തിൽ നിന്ന് എത്തിച്ച 80,000 തൈകളാണ് രണ്ട് ഏക്കറിലായി കൃഷി ഇറക്കിയത്. ഒമാനിലെ ഉയർന്ന ചൂടും ഈർപ്പവും വെല്ലുവിളിയായിരുന്നെങ്കിലും പ്രതീക്ഷിച്ചതിലും മികച്ച വിളവ് ലഭിച്ചു. 75 ശതമാനം ഗ്രീൻ ഷേഡ് നെറ്റുകളും, കടൽപായലും, അമിനോ ആസിഡുകളും ഉപയോഗിച്ചാണ് ഇവർ ചെടികളെ സംരക്ഷിച്ചത്. ഗാസയുടെ വടക്കുകിഴക്കൻ പ്രദേശമായ ബെയ്‌ത് ലാഹിയയിലായിരുന്നു ഫരീസിൻ്റെ കുടുംബത്തിൻ്റെ സ്ട്രോബെറി പാടം.
യുദ്ധത്തിന് മുമ്പ് ജോർദാനിലേക്കും യുറോപ്പിലേക്കും കയറ്റുമതിയും ഉണ്ടായിരുന്നു. എന്നാൽ യുദ്ധത്തിൽ എല്ലാം നഷ്ടമായി. ഒരുനാൾ ഗാസയിലേക്ക് മടങ്ങി അവിടെ കൃഷി തുടങ്ങണമെന്നാണ് ഫരിസിൻ്റെയും കുടുംബത്തിൻ്റെയും ആഗ്രഹം. എങ്കിലും യുദ്ധത്തിൽ പൊലിഞ്ഞ ആയിരക്കണക്കിന് ജീവനുകൾ ആര് തിരിച്ച് നൽകും എന്ന ചോദ്യം ഒരു നോവായ് ഇവരുടെ ഉള്ളിലുമുണ്ട്.



