27 വർഷത്തെ ശ്രദ്ധേയമായ കരിയറിന് ശേഷം വിശ്രമ ജീവിതത്തിലേക്ക് കടന്നിരിക്കുകയാണ് നാസയിലെ മുൻ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ്. ബഹിരാകാശ പര്യവേഷണത്തിലെ അസാധാരണമായ ഒരു യാത്രയ്ക്കാണ് ഇതോടെ അന്ത്യമായിരിക്കുന്നത്. 2025 ഡിസംബർ 27 നാണ് സുനിത ഔദ്യോഗികമായി തൻ്റെ നാസ ജീവിതത്തിൽ നിന്നും വിരമിച്ചത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ മൂന്ന് ദൗത്യങ്ങൾ, ഒന്നിലധികം മനുഷ്യ ബഹിരാകാശ യാത്രാ റെക്കോർഡുകൾ, ബഹിരാകാശത്തെ 608 ദിവസത്തെ താമസം എന്നിവയെല്ലാം സുനിതയുടെ 27 വർഷത്തെ കരിയറിലെ നേട്ടങ്ങളിൽ ഉൾപ്പെടുന്നു.
വിരമിച്ച ശേഷം സുനിത വില്യംസിന് ലഭിക്കുന്ന ആനുകൂല്യങ്ങൾ
വിരമിച്ചതിന് ശേഷം സുനിത വില്യംസിന് നാസയിൽ നിന്ന് നേരിട്ടായിരിക്കില്ല പെൻഷൻ ലഭിക്കുക. പകരം, ഫെഡറൽ എംപ്ലോയീസ് റിട്ടയർമെന്റ് സിസ്റ്റം (FERS) പ്രകാരമുള്ള പെൻഷനായിരിക്കും ലഭിക്കുക. 27 വർഷത്തെ സേവനവും ഏറ്റവും ഉയർന്ന ശമ്പളമുള്ള തുടർച്ചയായ മൂന്ന് വർഷത്തെ ശരാശരി ശമ്പളത്തെയും അടിസ്ഥാനമാക്കിയാവും പെൻഷൻ നിശ്ചയിക്കുക. ഏകദേശം 1.20-1.30 കോടി രൂപ വാർഷിക ശമ്പളം അടിസ്ഥാനമാക്കിയായിരിക്കും ഈ പെൻഷൻ.
കൃത്യമായ തുക പരസ്യമായി വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, പ്രതിവർഷം ഏകദേശം 43,200 ഡോളർ (ഏകദേശം 36 ലക്ഷം രൂപ) ഫെഡറൽ പെൻഷനായി ലഭിച്ചേക്കാം.
എഫ്ഇആർഎസ് പെൻഷനു പുറമേ, ഇവർക്ക് യുഎസ് സോഷ്യൽ സെക്യൂരിറ്റി സ്കീമിൽ നിന്നുള്ള ആനുകൂല്യങ്ങളും ലഭിക്കും, പെൻഷന് പുറമേ അവർക്ക് പ്രതിമാസം പ്രത്യേക പേയ്‌മെൻ്റും ഉണ്ടാകും. ആരോഗ്യ ഇൻഷുറൻസ്, ലൈഫ് ഇൻഷുറൻസ്, ത്രിഫ്റ്റ് സേവിംഗ്സ് പ്ലാൻ (ടിഎസ്പി) സമ്പാദ്യം എന്നിവയാണ് മറ്റ് ആനുകൂല്യങ്ങൾ.



