വാതുവെപ്പിൽ ഉൾപ്പെടുന്ന ക്രിക്കറ്റ് താരങ്ങളെ തൂക്കിക്കൊല്ലണമെന്ന് മുൻ പാക് ക്രിക്കറ്റർ ജാവേദ് മിയാൻദാദ്. അത്തരക്കാരോട് യാതൊരു ദയയും പാടില്ലെന്നും പിസിബി ചെയ്യുന്നത് നല്ല കാര്യമല്ലെന്നും മിയാൻദാദ് തൻ്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു. “വാതുവെപ്പിൽ ഏർപ്പെടുന്ന കളിക്കാർക്ക് അർഹമായ ശിക്ഷ നൽകണം. വാതു വെപ്പ് എന്നാൽ ഒരാളെ കൊല്ലുന്നതിനു തുല്യമാണ്. അതുകൊണ്ട് അതിനും വധശിക്ഷ നൽകണം. അങ്ങനെ ചെയ്താലേ ഇനിയൊരാളും വാതുവെപ്പിൽ ഉൾപ്പെടാതിരിക്കൂ. ഇക്കാര്യങ്ങളൊക്കെ നമ്മുടെ മതത്തിൻ്റെ അധ്യാപനങ്ങളിൽ നിന്ന് ഭിന്നമാണ്. അതുകൊണ്ട് ഇത്തരം തെറ്റുകൾ ആ രീതിയിൽ തന്നെ കൈകാര്യം ചെയ്യപ്പെടണം. ഇത്തരക്കാരോട് ക്ഷമിക്കുന്ന പിസിബി നിലപാട് ശരിയല്ല. ഇത്തരക്കാരെ തിരികെ ക്രിക്കറ്റിലേക്ക് കൊണ്ടു വരുന്നവർ സ്വയം ലജ്ജിക്കണം. വാതുവെപ്പിൽ ഏർപ്പെട്ടവർക്ക് കുടുംബത്തോട് പോലും ആത്മാർത്ഥത ഉണ്ടാവില്ല. അവരുടെ മതവിശ്വാസം ശരിയല്ല. മാനവികതയുടെ ഒരു തലത്തിലും ഇത്തരം പ്രവൃത്തികൾ അംഗീകരിക്കാൻ കഴിയില്ല. അവർക്ക് ജീവിക്കാനുള്ള അർഹതയില്ല. “ഇത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടിട്ട് പണവും സ്വാധീനവും ഉപയോഗിച്ച് ടീമിലേക്കെത്താൻ കളിക്കാർക്ക് എളുപ്പമാണ്. “- മിയാൻദാദ് പറഞ്ഞു. നേരത്തെ, മുതിർന്ന താരം മുഹമ്മദ് ഹഫീസും വാതു വെപ്പിൽ ഏർപ്പെട്ട കളിക്കാരോട് ക്രിക്കറ്റ് ബോർഡ് സ്വീകരിക്കുന്ന മൃദു സമീപനത്തിനെതിരെ രംഗത്തെത്തിയിരുന്നു. വാതുവെപ്പിൽ ഏർപ്പെട്ട ഷർജീൽ ഖാനെ ടീമിൽ തിരികെ എടുക്കാനുള്ള ക്രിക്കറ്റ് ബോർഡിൻ്റെ തീരുമാനത്തെ ഹഫീസ് ചോദ്യം ചെയ്തിരുന്നു. അത്തരക്കാരെ ആജീവനാന്തം വിലക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments