ഒരു തിരക്കഥയ്ക്ക് എത്ര രൂപ വിലയിടാം? രണ്ടുകോടിയെന്നു കേട്ടാല്‍ ഞെട്ടാന്‍ വരട്ടെ. മലയാളത്തിന്റെ കാര്യം തന്നെയാണ് പറയുന്നത്. അത്രയും വിലയുള്ള തിരക്കഥയാണെങ്കില്‍ എഴുതുന്നതും ചില്ലറക്കാരനാവില്ല. ശരിയാണ്. ആള്‍ ലെജന്റ് തന്നെയാണ്. സാക്ഷാല്‍ എം.ടി.വാസുദേവന്‍ നായര്‍. 'രണ്ടാമൂഴം' എന്ന സ്വന്തം നോവലിന് വേണ്ടി എം.ടി എഴുതുന്ന തിരക്കഥയ്ക്കാണ് നിര്‍മ്മാതാവ് രണ്ടുകോടി വിലയിട്ടതെന്നാണ് കേള്‍വി. അതല്ല, തുക അഞ്ചുകോടി വരുമെന്നും പ്രചാരണമുണ്ട്. കോടികള്‍ കൂടുമെന്നല്ലാതെ കുറയില്ല.
ഇരുന്നൂറ്റമ്പതു കോടി മുടക്കുമുതലില്‍ സിനിമ നിര്‍മ്മിക്കുമ്പോള്‍ രണ്ടുകോടി തിരക്കഥയ്ക്ക് കൊടുക്കുന്നതില്‍ തെറ്റില്ല. 'രണ്ടാമൂഴം' എന്ന സിനിമ ബിഗ് ബഡ്ജറ്റിലാണ് നിര്‍മ്മിക്കാന്‍ പോകുന്നത്. സംവിധായകന്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ പരസ്യചിത്രത്തിലൂടെ പ്രശസ്തനായ ശ്രീകുമാറാണ്. ഭീമനെന്ന നായകനായി മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാല്‍ തന്നെ. ഭീഷ്മര്‍ അമിതാഭ് ബച്ചന്‍. അര്‍ജുനനെ വിക്രം അവതരിപ്പിക്കും. ദ്രൗപദിയാവുന്നത് ഐശ്വര്യാറോയിയാണ്. തെലുങ്ക് നടന്‍ നാഗാര്‍ജുന റാവുവും പ്രധാനവേഷത്തിലെത്തുന്നുണ്ട്. എ.ആര്‍.റഹ്മാന്‍ സംഗീതം പകരുന്ന 'രണ്ടാമൂഴ'ത്തിന്റെ ക്യാമറ കെ.യു.മോഹനാണ്. മറ്റുള്ള താരങ്ങളെക്കുറിച്ചുള്ള ചര്‍ച്ച നടന്നുവരികയാണ്.
'രണ്ടാമൂഴം' സിനിമയാക്കുന്നതിന്റെ ചര്‍ച്ച വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഉയര്‍ന്നതാണ്. ഹരിഹരന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കാനായിരുന്നു ആലോചിച്ചിരുന്നത്. അതിനായി ഹരിഹരനും എം.ടിയും പതിനഞ്ചു ദിവസത്തോളം കോഴിക്കോട്ടെ ഒരു ഹോട്ടല്‍മുറിയിലിരുന്ന് സ്‌ക്രിപ്റ്റ് ചര്‍ച്ച നടത്തിക്കഴിഞ്ഞതുമാണ്. എന്നാല്‍ പിന്നീടെങ്ങനെയോ ആ പ്രൊജക്ട് നീണ്ടുപോയി. അതിനുശേഷം എം.ടി-ഹരിഹരന്‍ ടീം 'ഏഴാമത്തെ വരവ്' എന്ന ചിത്രം ചെയ്‌തെങ്കിലും സാമ്പത്തികമായി പരാജയപ്പെട്ടു. പിന്നീട് 'രണ്ടാമൂഴ'ത്തിന് എന്തു സംഭവിച്ചുവെന്ന് ആര്‍ക്കുമറിയില്ല.
എന്തായാലും വന്‍ പ്രൊജക്ടായി 'രണ്ടാമൂഴം' വരാനൊരുങ്ങുകയാണ്. മഹാഭാരത കഥയായതിനാല്‍ മലയാളത്തില്‍ മാത്രമല്ല, ഹിന്ദിയിലും ഇംീഷിലും നിര്‍മ്മിക്കാനാണ് ആലോചന. ബോളിവുഡിലെ വന്‍ ടീമാണ് ചിത്രംനിര്‍മ്മിക്കാന്‍ മുന്നോട്ടുവന്നിരിക്കുന്നത്. ഇവര്‍ സംവിധായകനൊപ്പം എം.ടിയെക്കണ്ട് ഇരുപത്തഞ്ചു ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിക്കഴിഞ്ഞു. 'രണ്ടാമൂഴം' തിരക്കഥ മറ്റൊരാള്‍ക്ക് നല്‍കുകയാണെന്ന് ഹരിഹരനെയും ഗോകുലം മൂവീസിനെയും എം.ടി. അറിയിച്ചുകഴിഞ്ഞു. കാണാന്‍ പോകുന്ന കാഴ്ചയുടെ പൂരത്തിന് ഇനി അധികകാലം കാത്തിരിക്കേണ്ടിവരില്ലെന്ന് സാരം.
Comments