ആരാധകരും ഫാന്‍സ് അസോസിയേഷനുമൊക്കെ നല്ലതാണ്. പക്ഷെ അവര്‍ നടനുതന്നെ തലവേദന സൃഷ്ടിച്ചാലോ? അത്തരം ചില അനുഭവങ്ങള്‍ പറയാം. വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കഥയാണ്. മുരളിക്ക് ഭരത് അവാര്‍ഡ് കിട്ടിയപ്പോള്‍ കുടവട്ടൂരിലെ സ്‌കൂള്‍ ഗ്രൗണ്ടില്‍ സ്വീകരണം സംഘടിപ്പിച്ചു. മുഖ്യാതിഥി മമ്മൂട്ടിയായിരുന്നു. കൊല്ലത്തെ പൗരപ്രമുഖരും സാംസ്‌കാരികപ്രവര്‍ത്തകരുമൊക്കെ ചടങ്ങിനെത്തി. മമ്മൂട്ടി വരുന്നതറിഞ്ഞതോടെ ആരാധകരും അല്ലാത്തവരുമായ ജനങ്ങള്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ തടിച്ചുകൂടി. ഇഷ്ടതാരത്തിന്റെ പ്രസംഗം കേട്ട് കൈയടിച്ചു. സ്വീകരണം കഴിഞ്ഞയുടന്‍ സ്‌കൂളിന് തൊട്ടടുത്തുള്ള മുരളിയുടെ അമ്മാവന്റെ വീട്ടിലായിരുന്നു ഭക്ഷണം ഏര്‍പ്പാട് ചെയ്തത്. മുരളിയുടെ ഭാര്യവീട് കൂടിയാണത്.
മമ്മൂട്ടി ഭക്ഷണം കഴിക്കാന്‍ മുരളിയുടെ ഭാര്യവീട്ടിലേക്ക് കയറിയപ്പോള്‍ ആരാധകര്‍ കൂട്ടത്തോടെ ചുറ്റും കൂടി. മമ്മൂട്ടി വീടിനകത്തേക്കു കടന്നു. ജനം ഭിത്തിയിലൂടെ ചാടിക്കയറി. പഴയ ഭിത്തിയായതിനാല്‍ ഇടിഞ്ഞുതാഴെപ്പോയി. എന്നിട്ടും ജനം പിരിഞ്ഞുപോയില്ല. അവരെല്ലാവരും ജനലിന്റെ അഴിയില്‍ പിടിച്ച് ഇഷ്ടതാരത്തെ നോക്കിനിന്നു. ജനല്‍ കുറ്റിയോടെ പറിഞ്ഞ് താഴെവീണു. നാട്ടുകാരായതിനാല്‍ ആരോടും വഴക്കിടാന്‍ പറ്റില്ലല്ലോ. ഒരുവിധമാണ് മമ്മൂട്ടി അന്നവിടെനിന്ന് രക്ഷപ്പെട്ടത്. നടന്‍ ജോണിയുടെ ഭാര്യ സ്‌റ്റെല്ലയ്ക്ക് ഡോക്ടറേറ്റ് കിട്ടിയപ്പോള്‍ കൊല്ലത്ത് അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചു. വന്നപ്പോള്‍ത്തന്നെ മമ്മൂട്ടി ജോണിയോട് ഒറ്റക്കാര്യമേ പറഞ്ഞുള്ളൂ-ദയവുചെയ്ത് എന്നെ വീട്ടിലേക്ക് വിളിക്കരുത്. കുടവട്ടൂരിലെ അനുഭവം ജോണിക്കും അറിയാവുന്നതിനാല്‍ മമ്മൂട്ടിയോട് വരാന്‍ പറഞ്ഞില്ല.
ആരാധന കൊണ്ട് പൊറുതിമുട്ടിയ അനുഭവം ജോണിക്കുമുണ്ട്.
''ഞാന്‍ ഭാരവാഹിയായ €ബിന്റെ ആഭിമുഖ്യത്തില്‍ കലാഭവന്‍ മണിയെ ക്ഷണിച്ചു. ചടങ്ങിന് പോകുന്നതിനു മുമ്പ് ഭക്ഷണം എന്റെ വീട്ടിലായിരുന്നു. മണിയുടെ കൂടെ ഏലൂര്‍ ജോര്‍ജും മറ്റൊരാളുമുണ്ടായിരുന്നു. മണിയെത്തിയത് അറിഞ്ഞതോടെ ആളുകള്‍ വീട്ടിലേക്ക് ഇരച്ചുകയറി. മുറ്റത്തിരിക്കുന്ന ചെടിച്ചട്ടിയൊക്കെ പൊട്ടിച്ചു. മാവിലെ മാങ്ങയൊക്കെ പറിച്ചുകൊണ്ടുപോയി. പുറത്തുപോകണം എന്നു പറഞ്ഞപ്പോള്‍ മണി മിമിക്രി കാണിക്കണമെന്നായി ആരാധകര്‍. മണിയും കൂടെ വന്ന ഏലൂര്‍ ജോര്‍ജും ചില നമ്പറുകള്‍ കാണിച്ചെങ്കിലും അവര്‍ പോയില്ല. ഒടുവില്‍ മണി വീട്ടില്‍നിന്നിറങ്ങിയപ്പോഴാണ് ആളുകള്‍ മുറ്റത്തുനിന്ന് ഒഴിഞ്ഞത്.''
സത്യന്‍ അന്തിക്കാട്-മോഹന്‍ലാല്‍-ശ്രീനിവാസന്‍ ടീം സൂപ്പര്‍ഹിറ്റുകള്‍ സൃഷ്ടിച്ച സമയം. ലാലിന് അന്തിക്കാട്ടെ സത്യന്റെ വീട് സന്ദര്‍ശിക്കാന്‍ ഒരാഗ്രഹം. ഒരു ദിവസം അധികമാരെയും അറിയിക്കാതെ ലാല്‍ വന്നു. പക്ഷെ മിനുട്ടുകള്‍ക്കകം അന്തിക്കാട്ടുകാര്‍ സംഭവമറിഞ്ഞു. ഒരു ഗ്രാമം മുഴുവന്‍ സത്യന്റെ വീട്ടുമുറത്ത്. പറമ്പിലെ കൃഷിയും ചെടിയുമൊക്കെ ആരാധരുടെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമര്‍ന്നു. നാട്ടുകാരെ ജീവനുതുല്യം സ്‌നേഹിക്കുന്ന സത്യന്‍ ആരോടും പരാതി പറയാന്‍ പോയില്ല. പറഞ്ഞത് ലാലിനോടും ശ്രീനിയോടുമാണ്-ഇനി എന്റെ വീടു കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കരുത്.
'ഹായ്, ഐ ആം ടോണി' എന്ന സിനിമയെക്കുറിച്ച് ഫേസ്ബുക്കില്‍ അഭിപ്രായം പറഞ്ഞതിന് ആസിഫ് അലി ഫാന്‍സുകാര്‍ രണ്ടുപേരെ മര്‍ദ്ദിച്ച വാര്‍ത്ത കേട്ടത് ഈയടുത്തകാലത്താണ്. ആസിഫ് അലി പോലും അറിയാത്ത കാര്യമാണത്. വാര്‍ത്ത വന്‍ ചര്‍ച്ചയായപ്പോള്‍ തലവേദനയായത് ആസിഫിനും.
Comments