ചെണ്ടയോട് വല്ലാത്തൊരു അഭിനിവേശമാണ് ജയറാമിന്. ഏതെങ്കിലും ഒരു ഉദ്ഘാടനത്തിന് വിളിച്ചാല്‍ ജയറാമിന് ഡേറ്റൊക്കെ നോക്കേണ്ടിവരും. എന്നിട്ട് ആലോചിക്കാം എന്നു പറയും. എന്നാല്‍ ചെണ്ട കൊട്ടാനാണ് വിളിക്കുന്നതെങ്കില്‍ ഏത് ദിവസമാണെന്നു പറഞ്ഞാല്‍ മതി, ആളെത്തിക്കോളും. പണ്ടേ ചെണ്ടയോട് കമ്പമുണ്ടെങ്കിലും മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ ശിഷ്യനായതു മുതലാണ് ഇഷ്ടം കൂടിയത്. മട്ടന്നൂര്‍ ജയറാമിന്റെ മദ്രാസിലെ വീട്ടില്‍ ഒരുമാസം താമസിച്ചാണ് ചെണ്ട പഠിപ്പിച്ചത്. അന്നു മുതല്‍ വ്യായാമത്തിനൊപ്പം ചെണ്ടയും നിര്‍ബന്ധമാക്കി. കേരള കലാമണ്ഡലത്തിന്റെ പുരസ്‌കാരം, കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്‌കാരം എന്നിവ കിട്ടിയതോടെ ചെണ്ടയോടുള്ള സമീപനം സീരിയസായി.
ചെണ്ടയെക്കുറിച്ചാണ് ചര്‍ച്ചയെങ്കില്‍ നൂറുനാവാണ് ജയറാമിന്. അതുകൊണ്ടുതന്നെ ചിലരൊക്കെ കളിയാക്കി വിളിക്കുന്നത് 'കലാമണ്ഡലം ജയറാം' എന്നാണ്. ആ തമാശ ഒരുനാള്‍ ജയറാമിന്റെ ചെവിയിലുമെത്തി. താരം അതാസ്വദിക്കുകയും ചെയ്തു.
ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്യുന്ന 'സര്‍ സി.പി'യുടെ ലൊക്കേഷനിലാണ് ജയറാമിപ്പോള്‍. ആലപ്പുഴ, കോട്ടയം ഭാഗങ്ങളിലാണ് ചിത്രീകരണം. ലൊക്കേഷനിലേക്ക് പോകുമ്പോള്‍ കാറിന്റെ ഡിക്കിയില്‍ ജയറാം തന്റെ പ്രിയപ്പെട്ട ചെണ്ട കൂടി കരുതിയിരുന്നു. ആലപ്പുഴയിലെ ഹോട്ടലിന്റെ റൂഫ്‌ടോപ്പില്‍ കയറി അതിരാവിലെ കൊട്ടാന്‍ തുടങ്ങിയപ്പോഴേക്കും ശബ്ദം കേട്ട് ആളുകളെത്തിത്തുടങ്ങി. അതോടെ ചെണ്ടയും കോലുമായി തിരിച്ചിറങ്ങി. വല്ലാത്ത നിരാശയിലായിരുന്നു ആ സമയം. പിന്നീട് കോട്ടയത്തെ ഫോര്‍ സ്റ്റാര്‍ ഹോട്ടലിലേക്ക് താമസം മാറി. ഇപ്പോള്‍ പുലര്‍ച്ചെ എഴുന്നേല്‍ക്കുന്ന താരം ചെണ്ടയുമായി ഹോട്ടലിന്റെ റൂഫ്‌ടോപ്പിലെത്തും. ഒരു മണിക്കൂര്‍നേരം കൊട്ടിക്കയറും. ആരും കേള്‍ക്കാത്തതിനാല്‍ സമാധാനം. ജനുവരി മാസം പാലക്കാട്ടെ പുത്തൂര്‍ഫെസ്റ്റില്‍ ജയറാമിന്റെ ചെണ്ടമേളമുണ്ട്. അതിനുള്ള പരിശീലനമാണ് ഇപ്പോള്‍ നടക്കുന്നത്. പുത്തൂര്‍ഫെസ്റ്റില്‍ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഭാര്യ പാര്‍വതിയുടെ മോഹിനിയാട്ടം.
ഇതിനിടയില്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ കീഴില്‍ പാണ്ടിമേളം കൂടി പഠിക്കുന്നുണ്ട്, ജയറാം. ഷൂട്ടിംഗിന്റെ തിരക്കിനിടയില്‍ പലപ്പോഴും ദിവസവും പഠനം നടക്കാറില്ല. എന്നാല്‍ പാലക്കാട്ടാണ് ചിത്രീകരണമെങ്കില്‍ സമയമുണ്ടാക്കി നേരെ മട്ടന്നൂരിന്റെ വീട്ടില്‍ ചെല്ലും. പെരുമ്പാവൂരിലെ ശാസ്താക്ഷേത്രത്തില്‍ 2015 ഏപ്രിലിലാണ് ജയറാമിന്റെ പാണ്ടിമേളത്തിന്റെ അരങ്ങേറ്റം.
Comments