ന്യൂഡല്‍ഹി: സച്ചിന് തെണ്ടുല്ക്കന്റെ 10-ാം നമ്പര്‍ ജഴ്സി ലോകപ്രസിദ്ധമാണ് . രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് സച്ചിന് വിരമിച്ച ശേഷം ടീം ഇന്ത്യയില്‍ ഒരേയൊരു തവണ ഷാര്‍ദ്ദൂല്‍ താക്കൂര്‍ ഒഴികെ മറ്റാരും തന്നെ ആ ജഴ്സി നമ്പര്‍ ഉപയോഗിച്ചിട്ടില്ല. ഇന്ത്യയുടെ ഇക്കഴിഞ്ഞ ശ്രീലങ്കന്‍ പരമ്പരക്കിടെയാണ് താക്കൂര്‍ പത്താം നമ്പര്‍ ജഴ്സിയണിഞ്ഞത്. അത് തന്നെ ഏറെ വിമര്ശനങ്ങള്ക്കിടയാക്കിതിരുന്നു. ഒരു അരങ്ങേറ്റക്കാരന്‍ കൊടുക്കേണ്ട നമ്പറല്ല പത്തെന്നും അത് ആ ഇതിഹാസത്തേട് കാണിക്കുന്ന അനീതിയാണൊന്നുമൊക്കെ ചൂണ്ടിക്കാട്ടി സച്ചിന് ആരാധകരാണ് അന്ന് രംഗത്തു വന്നത്. ഇന്ത്യന്‍ ടീമംഗമായ രോഹിത് ശര്‍മയും താക്കൂറിനെ വിമര്‍ശിച്ചിരുന്നു. ആരാധകരുടെ വികാരം കണക്കിലെടുത്ത് ഇപ്പോള്‍ ബി.സി.സി.ഐ. പത്താം നമ്പര്‍ ജഴ്സി പിന്‍വലിക്കാന്‍ ഒരുങ്ങുകയാണ്. രാജ്യാന്തര ക്രിക്കറ്റില്‍ കളിക്കുന്ന ഇന്ത്യന്‍ താരങ്ങള്‍ക്ക് ഇനി 10-ാം നമ്പര്‍ ജഴ്സി നല്‍കില്ലെന്ന് ബോര്‍ഡ് തീരുമാനിച്ചു. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ജഴ്സി നമ്പര്‍ കളിക്കാരുടെ തെരഞ്ഞെടുപ്പാണ്, ഒരു നമ്പര്‍ തന്നെ ഉപയോഗിക്കണമെന്ന് ആരെയും നിര്ബന്ധിപ്പിക്കാറില്ല, ജഴ്സി നമ്പറിന്റെ കാര്യത്തില്‍ ഐ.സി.സിയുടെ നിര്‍ദ്ദേശവും ഇതാണെന്നുമായിരുന്നു ബി.സി.സി.ഐ. ഉദ്യോഗസ്ഥന് ഈ വാര്‍ത്തയോട് പ്രതികരിച്ചത്.
Comments