അമേരിക്കയിലെ പ്രധാനപ്പെട്ട ഓണ്‍ലൈന്‍ പത്രമായ ഹഫിംഗ്ടണ്‍ പോസ്റ്റ് ഇന്ത്യയില്‍ എഡിഷന് തുടങ്ങാന്‍ പോകുന്നു. വരുന്ന മെയ് മാസത്തിലാവും പത്രം ഇവിടെ ആരംഭിക്കുക. പത്രത്തിന് യോജിച്ച വിധത്തിലുള്ള ഒരു പ്രാദേശിക പങ്കാളിയെ അന്വേഷിക്കുന്ന അവസാന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇംഗ്ലീഷ് ഭാഷയിലാവും പത്രം ആരംഭിക്കുക എന്ന് സിഇഒ ജിമ്മി മേമ്മാന് പറഞ്ഞു. പിന്നീട് പതിയെ മറ്റു ലോക്കല്‍ ഭാഷകളിലേക്കും വ്യാപിപ്പിക്കും. നിലവില്‍ പത്ത് ഇന്റര്‍ നാഷണല്‍ എഡിഷനുകളാണ് പത്രത്തിനുള്ളത്. ഇന്ത്യക്കു ശേഷം ബ്രസീലിലും സൗത്ത് കൊറിയയിലും ഉടന്‍ തന്നെ പത്രം ആരംഭിക്കും.
ഇന്ത്യയിലെ അഭ്യുദയകാംക്ഷികളായ പങ്കാളികളുടെ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും അവരുമായുള്ള ചര്‍ച്ച അന്തിമ ഘട്ടത്തിലേക്ക് അടുത്തിരിക്കുന്നുവെന്നും മേമ്മാന് പറഞ്ഞു. സ്വദേശിയായ ഒരു പങ്കാളിയെ കിട്ടിയെങ്കില്‍ മാത്രമേ ബിസിനസ് എളുപ്പമാകുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം, വിനോദം, സാങ്കേതിക വിദ്യ, ബിസിനസ്, ലൈഫ് സ്റ്റൈല്‍ എന്നീ മേഖലകളിലാവും ഇന്ത്യന്‍ എഡിഷന് ഫോക്കസ് ചെയ്യുക. രാജ്യത്തിന് പുറത്തുള്ള ബ്യൂറോകളിലേക്ക് പത്രപ്രവര്‍ത്തകരെ അയക്കില്ല, പകരം അവിടെ നിലവില്‍ പോസ്റ്റിനു വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ തന്നെയാവും ഇവിടേക്കും വേണ്ട വാര്‍ത്തകള്‍ തരിക. 95,000 സ്ഥിരം സന്ദര്‍ശകരാണ് പത്രത്തിനുള്ളത്.
Comments