You are Here : Home / SPORTS

ഞങ്ങള്‍ക്കുമുണ്ടായിരുന്നു, ഒരു ട്രൗസര്‍കാലം

Text Size  

Story Dated: Sunday, November 16, 2014 09:00 hrs UTC

എണ്‍പതുകള്‍ക്കു മുമ്പ് ട്രൗസറിട്ടു നടന്നൊരു കാലമുണ്ടായിരുന്നു കേരളത്തിലെ പോലീസുകാര്‍ക്ക്. സാദാ കോണ്‍സ്റ്റബിള്‍ മുതല്‍ സബ് ഇന്‍സ്‌പെക്ടര്‍ വരെയുള്ളവര്‍ക്ക് കാക്കി ട്രൗസറായിരുന്നു യൂണിഫോം. ട്രാഫിക് ഐലന്റില്‍ ഡ്യൂട്ടിക്ക് പോകുമ്പോഴാണ് ട്രൗസര്‍ അത്ര നല്ല ഡ്രസ്സല്ലെന്ന തിരിച്ചറിവ് അവര്‍ക്കുണ്ടാകുന്നത്.
താഴെ ഊഴം കാത്തുനില്‍ക്കുന്ന ഡ്രൈവര്‍മാര്‍ക്കും സ്ത്രീകളടക്കമുള്ള യാത്രക്കാര്‍ക്കും ഏമാന്റെ 'അകംപുറം' മുഴൂവന്‍ കാണാം. പലരും ഉള്ളില്‍ പരിഹസിച്ചു ചിരിച്ചു. ചിലര്‍ അടക്കംപറഞ്ഞു. പുറത്തു പറഞ്ഞാലല്ലേ കേസെടുക്കാന്‍ പറ്റുള്ളൂ. വര്‍ഷങ്ങളോളം പോലീസുകാര്‍ ഈ അപമാനം സഹിച്ച് അര്‍ദ്ധനഗ്നരായി ഡ്യൂട്ടി ചെയ്തു. ചിലര്‍ പോലീസ് അസോസിയേഷന്‍ യോഗത്തില്‍ ഇക്കാര്യം അവതരിപ്പിച്ചു. ബ്രിട്ടീഷുകാരുടെ കാലത്തുള്ള യൂണിഫോം ഇനിയെങ്കിലും മാറ്റിത്തരണമെന്നായിരുന്നു ആവശ്യം. പ്രശ്‌നം സര്‍ക്കാരിനു മുമ്പിലെത്തി. കോണ്‍സ്റ്റബിള്‍ മുതല്‍ ഡി.ജി.പി വരെയുള്ളവരുടെ യൂണിഫോം ഏകീകരിക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടെങ്കിലും അന്നത്തെ ആഭ്യന്തരമന്ത്രിയും സംസ്ഥാന സര്‍ക്കാരും അംഗീകരിച്ചില്ല.

പിന്നീടുള്ള ഓരോ അസോസിയേഷന്‍ സമ്മേളനത്തിലും അംഗങ്ങള്‍ തങ്ങള്‍ക്കുണ്ടാവുന്ന മാനാഹാനിയെക്കുറിച്ച് വിവരിച്ചു.
ഒടുവില്‍ എണ്‍പതിന്റെ തുടക്കത്തില്‍ പോലീസ് യൂണിഫോമിന്റെ കാര്യത്തില്‍ പുതിയ സര്‍ക്കാര്‍ ഉത്തരവിറങ്ങി. കോണ്‍സ്റ്റബിള്‍ മുതല്‍ ഡി.ജി.പി വരെയുള്ളവരുടെ യൂണിഫോം ഏകീകരിച്ചു. ഒപ്പം കൂര്‍ത്ത തൊപ്പിയും ഒഴിവാക്കി. ട്രൗസറും കൂര്‍ത്ത തൊപ്പിയും ഇപ്പോള്‍ കാണണമെങ്കില്‍ എണ്‍പതുകള്‍ക്കു മുമ്പുള്ള മലയാള സിനിമ കാണണം. അതു കാണുന്ന ന്യൂ ജനറേഷന്‍ പിള്ളേര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.
''അയ്യേ, ഇത്രയും ബോറായ യൂണിഫോമാണോ പോലീസുകാര്‍ക്കുണ്ടായിരുന്നത്?'' പോലീസിലെ പുതിയ തലമുറയ്ക്കും ഈ യൂണിഫോമിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയില്ല. ഇപ്പോഴും ഉത്തരം കിട്ടാത്തൊരു ചോദ്യമുണ്ട്. പാന്റു പോലുള്ള മാന്യമായ ഡ്രസ്സുണ്ടായിട്ടും ബ്രിട്ടീഷുകാര്‍ എന്തുകൊണ്ട് പോലീസുകാരെ നിക്കര്‍ ധരിപ്പിച്ചു?
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.