മെഗാസ്റ്റാറിനുവേണ്ടി ഇത്തവണയും കുമരകത്തെ ചീപ്പുങ്കല്‍ പാടം ഒരുങ്ങിക്കഴിഞ്ഞു. ഇനി കൊയ്ത്തിനുവേണ്ടി അരിവാളും കൂളിംഗ് ാസും പത്രപ്പടയുമായി മമ്മൂട്ടി എത്തുകയേ വേണ്ടൂ. ആദ്യത്തെ തവണ ആഘോഷമായാണ് ഞാറുനടലും കൊയ്ത്തുത്സവവുംം നടത്തിയത്. മെഗാസ്റ്റാറിലെ കൃഷിക്കാരനെ അന്നൊക്കെ മാധ്യമങ്ങള്‍ വാനോളം പുകഴ്ത്തി. അതോടെയാണ് അഭിനയത്തേക്കാളും മൈലേജ് കൃഷിക്ക് കിട്ടുന്നുണ്ടെന്ന നഗ്ന യാഥാര്‍ഥ്യം മമ്മൂട്ടി മനസിലാക്കിയത്. സന്തത സഹചാരിയായ ഹിലാലിനോട് ഇനി മുതല്‍ സ്ഥിരമായി കൃഷി ചെയ്‌തോളാന്‍ അനുവാദവും നല്‍കി. ഹിലാലും സന്തോഷവാനായി. കാരണം മെഗാസ്റ്റാറിനു കിട്ടുന്ന അതേ പബ്ലിസിറ്റി ഹിലാലിനും കിട്ടുമല്ലോ. നെല്‍ക്കൃഷിക്ക് ആവശ്യമായ മുഴുവന്‍ ചെലവും മെഗാസ്റ്റാര്‍ വഹിക്കും. ഒപ്പം ഹിലാലിന്റെ സര്‍വീസ് ചാര്‍ജും.
ഇത്തവണ ചീപ്പുങ്കല്‍ പാടത്ത് നെല്ലുകള്‍ വിളഞ്ഞുകഴിഞ്ഞു. മമ്മൂട്ടിയുടെ ഡേറ്റിന് കാത്തിരിക്കുകയാണ് ഹിലാലും സഹപ്രവര്‍ത്തകരും. ഷൂട്ടിംഗ് ഒഴിഞ്ഞിട്ടുവേണം പഴയതുപോലെ മമ്മൂട്ടിക്ക് മാധ്യമപ്പടയുമായി എത്താന്‍.
ആദ്യത്തെ തവണ ഞാറുനടാന്‍ പാടത്തിറങ്ങുമ്പോള്‍ തന്റെ വെളുത്ത മുണ്ടില്‍ ചെളി പറ്റാതിരിക്കാന്‍ താരം ഏറെ പണിപ്പെട്ടു. ഒരുവിധമാണ് പാടത്തുനിന്നും കരകയറിയത്. ഞാറുനടല്‍ യന്ത്രത്തില്‍ കയറാനും മറന്നില്ല. കൊയ്ത്ത് കഴിഞ്ഞാല്‍ നെല്‍വിത്തുകള്‍ കൊണ്ടുപോയി അരിയാക്കി വില്‍ക്കുന്നത് ഹിലാലാണ്. അതിനുവേണ്ടി ഹിലാല്‍ കേരളത്തിലെ പലയിടങ്ങളിലും അരിമേള നടത്തും. കിലോയ്ക്ക് നൂറു രൂപയാണ് അരിക്ക് വില. അരി മമ്മൂട്ടിയുടേതായാലും അമിതാഭ് ബച്ചന്റേതായാലും നൂറു രൂപയ്ക്ക് വാങ്ങണമെങ്കില്‍ മലയാളി രണ്ടുവട്ടം ആലോചിക്കും. ആരുടെയോ ഭാഗ്യം കൊണ്ട് കുറച്ചൊക്കെ അരി വിറ്റുപോയി. ഇഷ്ടംപോലെ ബാക്കിവന്നിട്ടും ഒരു കിലോ പോലും മെഗാസ്റ്റാര്‍ വീട്ടില്‍ കൊണ്ടുപോയില്ല.
കൃഷി നടത്തി മറ്റുള്ളവരെ തീറ്റിക്കുന്നതാണ് മെഗാസ്റ്റാറിന്റെ രീതി. ഏക്കര്‍ കണക്കിന് നീളുന്ന പാടത്ത് വിത്തെറിയാനും കൊയ്‌തെടുക്കാനും മാത്രമേ താരത്തിനറിയൂ. കഴിക്കുന്നത് ആരും കാണുന്നില്ലല്ലോ. അതുകൊണ്ട് കഴിച്ചില്ലെങ്കിലും കുഴപ്പമില്ല. ഇതിനെയാണോ സാര്‍ 'കാര്‍ഷികവിപ്ലവം' എന്നു വിളിക്കുന്നത്?
Comments