'ലാലിസം' വിവാദമായപ്പോള്‍ എല്ലാ ചാനലുകളിലും മോഹന്‍ലാലിനെ ആക്രമിക്കാന്‍ അയാളുണ്ടായിരുന്നു-സംവിധായകന്‍ വിനയന്‍. കഴിഞ്ഞ കുറച്ചുകാലമായി ഒതുങ്ങിയിരുന്ന വിനയന് നല്ലൊരു അവസരമാണ് കിട്ടിയത്. അത് അദ്ദേഹം ആഘോഷിക്കുകയും ചെയ്തു. ഒടുവില്‍ 'ലാലിസ'ത്തിന് വാങ്ങിച്ച കാശ് തിരിച്ചുകൊടുക്കാമെന്ന് മോഹന്‍ലാല്‍ പ്രഖ്യാപിച്ചിട്ടും വിനയന്റെ ശൗര്യം അടങ്ങിയില്ല. പണം തിരിച്ചുകൊടുത്താലും മോഹന്‍ലാല്‍ ചെയ്തത് തെറ്റല്ലേ എന്നായിരുന്നു വിനയന്റെ ചോദ്യം.
വിനയന് മോഹന്‍ലാലിനോടുള്ള ശത്രുത ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതിന് ഇരുപത്തഞ്ചു വര്‍ഷത്തെ പഴക്കമുണ്ട്.
ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടുകാരനായ വിനയന് സിനിമയിലെത്താന്‍ അടങ്ങാത്ത മോഹമായിരുന്നു. മനസ്സില്‍ തോന്നിയ ഒരു കഥയുമായി അയാള്‍ ഒരു ദിവസം മോഹന്‍ലാലിനെ സമീപിച്ചു. എണ്‍പതുകളില്‍ ലാല്‍ കത്തിനില്‍ക്കുന്ന സമയമാണ്. അഭിനയത്തിരക്കില്‍ വിനയന്‍ എന്ന പുതിയ ആളുടെ കഥയെ ലാല്‍ പരിഗണിച്ചില്ല. കഥ പറയാനുള്ള അവസരം പോലും നല്‍കിയില്ലത്രേ. അന്നു മുതലാണ് മോഹന്‍ലാലിനോടുള്ള ശത്രുത മനസ്സില്‍ മുളപൊട്ടിയത്. ലാലിനെ കളിയാക്കാന്‍ വേണ്ടി മാത്രം വിനയന്‍ ഒരു സിനിമ പടച്ചുണ്ടാക്കി. 'സൂപ്പര്‍സ്റ്റാര്‍' എന്ന് അതിന് പേരുമിട്ടു. മോഹന്‍ലാലുമായി സാമ്യമുള്ള മദന്‍ലാലിനെ നായകനുമാക്കി. സിനിമ തിയറ്ററില്‍ ഒരു ചലനവുമുണ്ടാക്കിയില്ലെങ്കിലും അന്ന് എല്ലാവരും ചര്‍ച്ച ചെയ്തത് പുതിയ സംവിധായകനെക്കുറിച്ചാണ്. മോഹന്‍ലാലിനെ കളിയാക്കി പടമെടുക്കാന്‍ ധൈര്യം കാണിച്ചതാര്? അന്നു മുതല്‍ വിനയന്‍ വിവാദപുരുഷനാണ്. ലാലിന്റെ അപരനായി വന്ന മദന്‍ലാലും ഒറ്റ സിനിമ കൊണ്ട് ഫീല്‍ഡ് വിട്ടു. ഇപ്പോള്‍ എവിടെയാണെന്നുപോലും അറിയില്ല.
പിന്നീട് വിനയന്‍ ചെറിയ ചെറിയ സിനിമകളെടുത്ത് ശ്രദ്ധനേടി. മലയാളസിനിമയില്‍ ഒരുപാടു ഹിറ്റുകള്‍ സൃഷ്ടിച്ചു. കല്യാണസൗഗന്ധികം, ഉല്ലാസപ്പൂങ്കാറ്റ്, അനുരാഗക്കൊട്ടാരം, പ്രണയനിലാവ് തുടങ്ങിയ സിനിമകളിലൂടെ ദിലീപിന്റെ ഗ്രാഫുയര്‍ത്തി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലൂടെ കലാഭവന്‍ മണിയെ ദേശീയ ശ്രദ്ധയിലെത്തിച്ചു. ഇന്ദ്രജിത്ത്, ജയസൂര്യ, അനൂപ്‌മേനോന്‍ തുടങ്ങിയവരെ മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തി. പക്രുവിനെ ഗിന്നസ് ബുക്കിലെത്തിച്ചു. മമ്മൂട്ടിയെ വച്ച് രണ്ട് സിനിമകളെടുത്തു-ദാദാസാഹിബും രാക്ഷസരാജാവും. രാക്ഷസരാജാവിന്റെ നിര്‍മ്മാണം ഒരിടയ്ക്ക് പ്രതിസന്ധിയില്‍ പെട്ടപ്പോള്‍ ലക്ഷങ്ങള്‍ നല്‍കി സഹായിച്ചു. എന്നിട്ടും മോഹന്‍ലാലിനെ വച്ചു മാത്രം പടമെടുത്തില്ല. ലാലും വിനയനെ മൈന്‍ഡ് ചെയ്തില്ല. രണ്ടുപേരും രണ്ടുരീതിയില്‍ സിനിമയില്‍ തുടര്‍ന്നു. മാക്ടയില്‍ പ്രശ്‌നം വന്നപ്പോള്‍ വിനയന്‍ തന്റെ പഴയ ശത്രുവിനെതിരെ ആഞ്ഞടിച്ചു. ഒടുവില്‍ വിനയന്‍ ഒറ്റപ്പെട്ടു. മാക്ടയും അമ്മയും വിലക്കേര്‍പ്പെടുത്തിയിട്ടും വിനയന്‍ മോഹന്‍ലാലിനോടു കീഴടങ്ങിയില്ല. എല്ലാവരെയും വെല്ലുവിളിച്ച് സിനിമയെടുത്ത് തിയറ്ററിലെത്തിച്ചു. നിര്‍മ്മാണ, വിതരണക്കാരുടെ സംഘടനയില്‍ അംഗമാവുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്കുശേഷം ലാലിനെ ആക്രമിക്കാന്‍ വിനയന് കിട്ടിയ വടിയായിരുന്നു 'ലാലിസം'. അദ്ദേഹമത് സമര്‍ഥമായി ഉപയോഗിക്കുകയും ചെയ്തു. വിനയന് ശത്രുതയുണ്ടാകാം. എന്നാല്‍ ലാലിന് അതുണ്ടോ എന്നറിയില്ല. ഉണ്ടെങ്കില്‍ത്തന്നെ ലാല്‍ ഒരിക്കലും പ്രകടിപ്പിച്ചതുമില്ല. എന്നാല്‍ വിനയന്‍ ക്ഷമിക്കാന്‍ തയ്യാറായില്ല. കാലം മായ്ക്കാത്ത ചില മുറിവുകള്‍ ഇപ്പോഴുമുണ്ടെന്ന് സാരം.
Comments