എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്നത് റിമിടോമിയുടെ ശീലമാണ്. ചിരി അടക്കിപ്പിടിക്കുന്നത് പാട്ടുപാടുമ്പോള്‍ മാത്രമാണ്. എങ്കിലും ഒരു ഗ്യാപ്പ് കിട്ടിയാല്‍ പൊട്ടിച്ചിരിക്കാന്‍ മടി കാട്ടുകയുമില്ല. അങ്ങനെയുള്ള റിമിയോടാണ് ചിരിക്കരുതെന്ന് ഒരു സംവിധായകന് പറയുന്നത്. നടക്കുന്ന കാര്യമാണോ?
കണ്ണന് താമരക്കുളം സംവിധാനം ചെയ്യുന്ന 'തിങ്കള്‍ മുതല്‍ വെള്ളി' വരെ എന്ന സിനിമയുടെ ലൊക്കേഷനിലാണ് സംഭവം. ജയറാം നായകനായ ഈ ചിത്രത്തിലെ നായികയാണിപ്പോള്‍ റിമിടോമി. സ്റ്റേജിലും ചാനലിലും കത്തിനില്‍ക്കുന്ന സമയത്താണ് റിമി അഭിനയിക്കാന്‍ വന്നത്. ഫുള്‍ടൈം സീരിയല്‍ കാണുന്ന പുഷ്പവല്ലി എന്ന കഥാപാത്രത്തെക്കുറിച്ച് സംവിധായകന് പറഞ്ഞപ്പോള്‍ ജയറാമാണത്രേ റിമിയുടെ പേര് നിര്‍ദ്ദേശിച്ചത്. ആദ്യം റിമി സമ്മതിച്ചില്ല. അവസാനം ജയറാം തന്നെ വിളിച്ചപ്പോള്‍ സമ്മതിക്കുകയായിരുന്നു.
ആദ്യമായാണ് നായികയായി സിനിമയില്‍ അഭിനയിക്കുന്നതെങ്കിലും ഇരുത്തംവന്ന പ്രകടനമാണ് റിമി കാഴ്ചവയ്ക്കുന്നത്. ശരി തന്നെ. പക്ഷെ ഒരു കുഴപ്പം മാത്രം. ചില ഡയലോഗുകള്‍ കേള്‍ക്കുമ്പോള്‍ത്തന്നെ പുള്ളിക്കാരി ചിരിച്ചുകൊണ്ടേയിരിക്കും. ഒരു പുതുമുഖ നടിയായതുകൊണ്ടും അറിയപ്പെടുന്ന ഗായിക ആയതുകൊണ്ടും വഴക്കൊന്നും പറയാന്‍ സംവിധായകന് ശ്രമിക്കാറില്ല. മാത്രമല്ല, സെറ്റില്‍ ജയറാമിനെക്കാളും ആരാധകരുള്ളത് റിമിക്കാണുതാനും. എല്ലാവര്ക്കും കാണേണ്ടതും സംസാരിക്കേണ്ടതും റിമിയോടാണ്.
ഹാസ്യത്തിന് പ്രാധാന്യമുള്ള സിനിമയായതിനാല്‍ ഡയലോഗുകള്‍ ചിരിയുണര്‍ത്തുന്നത് സ്വാഭാവികം. എന്നാല്‍ അത് പറയുന്നതിനു മുമ്പു തന്നെ ചിരിച്ചാല്‍ എന്താണ് സംഭവിക്കുക? റിമിയുടെ ചിരി കേട്ടുകേട്ട് സംവിധായകന് സഹികെട്ടു. ഷോട്ട് എടുക്കാന്‍ തുടങ്ങുന്നതിന് മുമ്പുതന്നെ സംവിധായകന് പറയും-റിമി ഇത്തവണയെങ്കിലും ഒന്നു ചിരിക്കാതിരിക്കണേ. അതു കേള്‍ക്കേണ്ട താമസം റിമി വീണ്ടും ചിരിക്കും. കോമഡി സീനുകളായതിനാല്‍ ക്ഷമിക്കാമെന്നു വയ്ക്കാം. എന്നാല്‍ സെന്റിമെന്റല്‍ ഷോട്ടുകളില്‍ പോലും പൊട്ടിച്ചിരിക്കുമ്പോള്‍ സംവിധായകന് എന്തുചെയ്യും? സെന്റിമെന്റല്‍ ഷോട്ടുകള്‍ വരുമ്പോള്‍ ിസറിന് കണ്ണിലൊഴിക്കും. എന്നാലും ചിരിക്ക് കുറവില്ല. റിമിയുടെ ചിരി കേട്ട് ഒരുഘട്ടത്തില്‍ സംവിധായകനു പോലും ചിരിവന്നു. എല്ലാവരെയും മിമിക്രിയിലൂടെ ചിരിപ്പിച്ച ജയറാമിനും ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. യൂണിറ്റ് മുഴുവനും ഇപ്പോള്‍ ചിരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഏറ്റവും ഒടുവില്‍ കിട്ടിയ വാര്‍ത്ത.
Comments