ജിഷ്ണുവില്ലാതെ നടന്‍ രാഘവന്‍ തിരുവനന്തപുരത്തെ വീട്ടിലേക്കു മടങ്ങി. കഴിഞ്ഞ രണ്ടുവര്‍ഷക്കാലം അഭിനയം പോലും ഉപേക്ഷിച്ച് ജിഷ്ണുവിന്റെ ചികിത്സയ്ക്കായി അലയുകയായിരുന്നു ഈ അച്ഛന്‍. ക്യാന്‍സര്‍ വന്നതു മുതല്‍ ജിഷ്ണുവിനെ പരിചരിക്കുന്നത് രാഘവനായിരുന്നു. ജിഷ്ണുവിന്റെ ഭാര്യ ധന്യ മദ്രാസില്‍ ആര്‍ക്കിടെക്റ്റാണ്. അതുപേക്ഷിച്ച് അവള്‍ ജിഷ്ണുവിനെ പരിചരിക്കാന്‍ തയ്യാറായപ്പോഴും രാഘവന്‍ സമ്മതിച്ചില്ല.
ജിഷ്ണുവിന്റെ ചികിത്സയ്ക്കുവേണ്ടി ആദ്യം പോയത് ബാംൂരിലേക്കായിരുന്നു. അവിടെയായിരുന്നു സര്‍ജറി. ആ സമയത്ത് ബാംൂരില് വാടകവീടെടുത്ത് താമസിച്ചു. രണ്ടാംതവണ ക്യാന്‍സര്‍ വന്നപ്പോള്‍ എറണാകുളം ലേക്‌ഷോറിലായി ചികിത്സ. ഡേ.വി.പി.ഗംഗാധരന്റെ കീഴില്‍. അതോടെ താമസം കൊച്ചിയിലേക്ക് മാറ്റി. ഭേദമായപ്പോള്‍ ആയുര്‍വേദത്തിലൂടെ ആരോഗ്യം വീണ്ടെടുക്കുക എന്ന ഉദ്ദേശത്തോടെ ആതിരപ്പള്ളിയിലെ പ്രകൃതി രമണീയമായ ഗ്രാമത്തിലേക്ക് താമസം മാറ്റി. അവിടെ താമസിച്ചുകൊണ്ടിരിക്കുമ്പോഴാണ് പെരുമ്പാവൂരിനടുത്ത തോട്ടുവയിലെ ധന്വന്തരി ക്ഷേത്രത്തെക്കുറിച്ചറിഞ്ഞത്. ധന്വന്തരീമൂര്‍ത്തി അനുഗ്രഹിച്ചാല്‍ സര്‍ജറിയൊക്കെ എളുപ്പം സുഖപ്പെടുമെന്നാണ് വിശ്വാസം. പെരുമ്പാവൂരിനടുത്ത കോടനാട് ആനത്താവളത്തിനടുത്ത് ഒരു വാടകവീട് തരപ്പെടുത്തി താമസം അവിടേക്ക് മാറ്റി. മരിക്കുന്നതിന്റെ നാലുമാസം മുമ്പാണ് അവിടെയെത്തിയത്. ഒരു വൈദ്യനു കീഴില്‍ ആയുര്‍വേദ ചികിത്സയും നടത്തി. ധന്വന്തരീക്ഷേത്രത്തില്‍ ആയിരക്കണക്കിന് ഭക്തര്‍ക്കിടയില്‍ ദശാവതാരം തൊഴാന്‍ കഴിഞ്ഞതാണ് ജിഷ്ണുവിന് കിട്ടിയ മറ്റൊരു ഭാഗ്യം.
ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയത് കോടനാട്ടെ താമസമാണെന്ന് ജിഷ്ണു എപ്പോഴും സുഹൃത്തുക്കളോട് പറയാറുണ്ട്. ഒപ്പം പഠിച്ചവര്‍ ഇടയ്ക്കിടെ കോടനാട്ടെ വീട്ടിലെത്തും. ഒരു ദിവസം സഹപാഠികളെല്ലാവരും ചേര്‍ന്ന് കോടനാട്ടെ ഒരു വീട്ടില്‍ ഒത്തുകൂടി. അന്ന് പാചകത്തിന്റെ ചുമതല ജിഷ്ണുവിനായിരുന്നു. കോടനാട്ട് കുറച്ച് സ്ഥലവും വീടും വയ്ക്കണമെന്നായിരുന്നു ജിഷ്ണുവിന്റെ ആഗ്രഹം. അത് നടക്കുന്നതിന് മുമ്പാണ് അവന്‍ മരണത്തിന് കീഴടങ്ങിയത്.
ജിഷ്ണുവിന് അസുഖം മൂര്‍ച്ഛിച്ച സമയം മുതല്‍ രാഘവനും ഭാര്യയ്ക്കുമൊപ്പം ധന്യയും കൂടെയുണ്ടായിരുന്നു.
''ഞങ്ങളേക്കാള്‍ തകര്‍ന്നുപോയത് ധന്യയാണ്. ഐ.സി.യുവില്‍ കിടക്കുമ്പോഴും ജിഷ്ണു നല്‍കിയ ധൈര്യമാണ് അവള്‍ക്ക് ജോലിക്ക് പോകാന്‍ ഊര്‍ജം പകര്‍ന്നത്. കോടനാട് വിട്ടുപോരുന്നതിന്റെ തലേദിവസം അവള്‍ കോഴിക്കോട്ടെ വീട്ടിലേക്കുപോയി.''
രാഘവന്‍ 'അശ്വമേധ'ത്തോട് പറഞ്ഞു. കോഴിക്കോട് റീജ്യണല്‍ എന്‍ജിനിയറിംഗ് കോളജില്‍ വച്ച് ഒപ്പം പഠിച്ചതാണ് ധന്യ. ആ സൗഹൃദം പിന്നീട് പ്രണയത്തിലും വിവാഹത്തിലും കലാശിക്കുകയായിരുന്നു.
''യാത്ര പോകുന്നതാണ് ജിഷ്ണുവിന് ഏറ്റവും ഇഷ്ടമുള്ള കാര്യം. വിവാഹത്തിനുശേഷം എവിടെപ്പോയാലും ധന്യയും കൂടെയുണ്ടാവും. വടക്കേ ഇന്ത്യ മുഴുവനും ഞങ്ങള്‍ സന്ദര്‍ശിച്ചത് അവനൊപ്പമാണ്. ഭോപ്പാല്‍, ഹരിദ്വാര്‍, ഋഷികേശ്, കുളുമണാലി തുടങ്ങി ചൈനീസ് അതിര്‍ത്തിവരെ അവന്‍ ഞങ്ങളെ കൊണ്ടുപോയി. പ്രകൃതിരമണീയമായ സ്ഥലങ്ങളാണ് അവന് കൂടുതലിഷ്ടം.''
രാഘവന്റെ വാക്കുകളിടറി. വര്‍ഷങ്ങള്‍ക്കു മുമ്പ് സിനിമയില്‍ സജീവമായ സമയത്താണ് കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ രാഘവന്‍ തിരുവനന്തപുരത്ത് വീടും സ്ഥലവും വാങ്ങിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷം ഈ വീട് പൂട്ടിയിടുകയായിരുന്നു.
Comments