ഇന്ത്യന്‍ ഫുട്‌ബോളില്‍ പുതിയ മാറ്റത്തിന് വഴിതെളിക്കുമെന്ന് വിലയിരുത്തപ്പെട്ട ഐഎസ്എല്ലിന് കാലിടറുന്നോ? വിവിധ മാധ്യമ റിപ്പോര്‍ട്ടുകളും വിദഗ്ധരുടെ വിലയിരുത്തലുകളും വിരല്‍ ചൂണ്ടുന്നത് ഐഎസ്എല്ലിന്റെ ജനപ്രീതി നഷ്ടപ്പെടുന്നുവെന്നാണ്. ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഉള്‍പ്പെടെ പല ടീമുകളുടെയും മത്സരം നടക്കുന്നത് പലപ്പോഴും പാതിനിറഞ്ഞ ഗ്യാലറികള്‍ക്ക് മുന്നിലാണ്. കഴിഞ്ഞദിവസം നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്- പൂനെ സിറ്റി മത്സരത്തിന് സാക്ഷ്യം വഹിക്കാനെത്തിയത് 4000ത്തോളം ആരാധകര്‍ മാത്രമാണ്. കൊല്‍ക്കത്തയിലും ഡല്‍ഹിയും എന്തിനേറെ കൊച്ചിയിലും സ്ഥിതി വ്യത്യസ്തമല്ല.
ലീഗിന്റെ ദൈര്‍ഘ്യം നീണ്ടതും ടീമുകളുടെ പ്രകടനം പ്രതീക്ഷിച്ചത്ര മെച്ചപ്പെടാത്തതുമാണ് ആരാധകരുടെ വരവിന് ബാധിച്ചത്. സമയമാറ്റവും കാണികളുടെ സ്റ്റേഡിയത്തിലേക്കുള്ള ഒഴുക്കിനെ ബാധിച്ചു. മുന്‍ സീസണുകളില്‍ ഏഴു മണിക്കായിരുന്നു മത്സരം തുടങ്ങിയിരുന്നത്. ലൈവ് സംപ്രേക്ഷണ കരാറുള്ള സ്റ്റാര്‍ ഗ്രൂപ്പിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇത്തവണ എട്ടുമണിക്ക് തുടങ്ങുന്ന രീതിയിലേക്ക് മാറ്റി. പ്രൈം ടൈമില്‍ കൂടുതല്‍ ആളുകളെ ടിവിക്കു മുന്നില്‍ പിടിച്ചിരുത്തുകയെന്ന തന്ത്രമായിരുന്നു ഇതിനു പിന്നില്‍. എന്നാല്‍ ലീഗിന്റെ മൊത്തം ആവേശത്തെയും ഈ തീരുമാനം ബാധിച്ചു. കളി കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങാനുള്ള അസൗകര്യം കൂടിയതോടെ പലരും സ്റ്റേഡിയത്തിലേക്ക് എത്താന്‍ മടിച്ചു.
ഐഎസ്എല്ലിന്റെ ജനപ്രീതി ഇടിഞ്ഞു എന്നതുകൊണ്ട് ഫുട്‌ബോള്‍ വീണ്ടും തളര്‍ന്നുവെന്ന അര്‍ത്ഥമില്ല. ഐഎസ്എല്ലിന്റെ ഒപ്പം തന്നെ നടക്കുന്ന ഐലീഗ് മത്സരങ്ങള്‍ക്ക് കൂടുതല്‍ ആളുകള്‍ കളി കാണാനെത്തുന്നുണ്ട്. ഐഎസ്എല്ലിനെ അപേക്ഷിച്ച് പണക്കൊഴുപ്പ് കുറഞ്ഞതാണ് ഐലീഗ്. എന്നിട്ടു പോലും ആളുകള്‍ സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്നു. നട്ടുച്ചയ്ക്കു പോലും കളികള്‍ വച്ചിട്ടും മിനെര്‍വ എഫ്‌സിയുടെയും ചെന്നൈ സിറ്റിയുടെയും കളി കാണാന്‍ നിരവധി പേര്‍ എത്തിയിരുന്നു. ഉച്ചയ്ക്ക് രണ്ടുമണിക്ക് നടന്ന ഈസ്റ്റ് ബംഗാള്‍-മോഹന്‍ ബഗാന്‍ കൊല്‍ക്കത്ത ഡെര്‍ബിക്ക് എത്തിയത് 50,000ത്തോളം കാണികളും. ഐഎസ്എല്ലിന്റെ താളത്തിനു എവിടെയോ വിഘ്‌നം സംഭവിച്ചിട്ടുണ്ടെന്നത് വ്യക്തം.
Comments