ഇന്ത്യന്‍ സൂപ്പര്‍ ലീഗിന് പിന്നാലെ ഏപ്രിലില്‍ വിരുന്നിനെത്തുന്ന സൂപ്പര്‍ കപ്പില്‍ അടിമുടി മാറ്റവുമായി ടീമിനെ ഇറക്കാന്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുന്നു. പുതിയ ദേശീയ, വിദേശ താരങ്ങളെ ടീമിലെത്തിച്ച് ശക്തി വര്‍ധിപ്പിക്കാനാണ് മാനേജ്‌മെന്റിന്റെ നീക്കം. ഇതിന്റെ ഭാഗമായി വിദേശ താരങ്ങളുമായി ചര്‍ച്ച തുടങ്ങിയെന്നാണ് സൂചന. ഡേവിഡ് ജെയിംസ് തന്നെയാകും ടീമിനെ പരിശീലിപ്പിക്കുകയെന്നാണ് ഇതുവരെ ലഭിക്കുന്ന സൂചനകള്‍. ഏപ്രില്‍ ആദ്യ വാരം തുടങ്ങുന്ന ടൂര്‍ണമെന്റ് ഒരു മാസത്തോളം നീണ്ടുനില്‍ക്കും.
ഐഎസ്എല്‍, ഐലീഗുകളില്‍ നിന്നുമായി 16 ടീമുകള്‍ ഏറ്റുമുട്ടും. ഇന്ത്യയിലെ പ്രമുഖ ടൂര്‍ണമെന്റ് ആയ ഫെഡറേഷന്‍ കപ്പിനു പകരമായാണു സൂപ്പര്‍ കപ്പ് അരങ്ങേറുക. ഏപ്രില്‍ ഒന്നു മുതല്‍ 30 വരെയാണു ടൂര്‍ണമെന്റ് നടത്താന്‍ സംഘാടകര്‍ ഉദ്ദേശിക്കുന്നത്. ഐഎസ്എലും ഐ ലീഗും ഏപ്രിലിനു മുന്‍പ് അവസാനിക്കും. ഇന്ത്യ- കിര്‍ഗിസ്ഥാന്‍ മത്സരം മാര്‍ച്ച് 27ന് ആണ്. ഫലത്തില്‍, സൂപ്പര്‍ കപ്പിന് ഏപ്രില്‍ അനുയോജ്യമായ സമയമാകും. ഐഎസ്എലിലെയും ഐ ലീഗിലെയും ആദ്യ ആറു സ്ഥാനങ്ങളിലെത്തുന്ന 12 ടീമുകള്‍ക്കു ടൂര്‍ണമെന്റിലേക്കു നേരിട്ട് യോഗ്യത ലഭിക്കും. ബാക്കി നാലു ടീമുകളെ രണ്ടു ലീഗുകളിലെയും ടീമുകള്‍ മാറ്റുരയ്ക്കുന്ന യോഗ്യതാ മല്‍സരങ്ങളില്‍നിന്നു തെരഞ്ഞെടുക്കും.
നിലവില്‍ ബെംഗളൂരു എഫ്‌സിയാണു ഫെഡറേഷന്‍ കപ്പ് ജേതാക്കള്‍. മോഹന്‍ ബഗാനാണ് ഏറ്റവും അധികം തവണ കപ്പ് നേടിയത്. കൊച്ചി, ഗുവഹാത്തി എന്നി വേദികളിലൊന്നാകും സൂപ്പര്‍ കപ്പിന് ആതിഥേയത്വം വഹിക്കുക. ഇത്തവണ ഗുവഹാത്തിയില്‍ ഐഎസ്എല്ലില്‍ മത്സരങ്ങള്‍ കാണാന്‍ വലിയ ആള്‍ക്കൂട്ടം എത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ കൊച്ചിയുടെ സാധ്യതകള്‍ വര്‍ധിച്ചിട്ടുണ്ട്. ഈ മാസം പകുതിയോടെ മത്സരവേദി സംബന്ധിച്ച അവസാന തീരുമാനം എടുക്കുമെന്നാണ് സൂചന.
Comments