You are Here : Home / SPORTS

റൊണാൾഡോയുടെ മാന്ത്രിക പെനാൽറ്റി

Text Size  

Story Dated: Friday, February 16, 2018 12:17 hrs UTC

ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിക്കെതിരെ റയല്‍ മാഡ്രിഡ് 3-1ന്റെ ജയം നേടിയപ്പോള്‍ ശ്രദ്ധിക്കപ്പെട്ടത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ പെനല്‍റ്റിയിലൂടെ നേടിയ ഗോളായിരുന്നു. നിലത്തുനിന്നല്ല വായുവില്‍ വെച്ചാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആ പെനല്‍റ്റി കിക്കെടുത്തത്. ഇതെങ്ങനെ സാധ്യമാകുന്നുവെന്ന് ആരാധകരും വിമര്‍ശകരുമെല്ലാം ഒരുപോലെ തല പുകയ്ക്കുകയാണ്. നിയമപരമായി ആ ഗോള്‍ അനുവദിക്കരുതെന്ന് വരെ വാദിക്കുന്നവരുണ്ട്. 

ചാമ്പ്യന്‍സ് ലീഗില് ക്വാര്‍ട്ടറിലെ ആദ്യ പാദ മത്സരത്തില്‍ പിഎസ്ജിക്കെതിരെ സമനില ഗോളിന്റെ രൂപത്തിലാണ് ക്രിസ്റ്റ്യാനോയുടെ മാന്ത്രിക ഗോള്‍ പിറന്നത്. പെനല്‍റ്റിയെടുക്കാന്‍ ഓടിയെത്തിയ ക്രിസ്റ്റിയാനോയുടെ ഇടംകാലുകൊണ്ടുള്ള പുല്ലിലെ ശക്തമായ ചവിട്ടേറ്റ് പന്ത് വായുവില്‍ അല്‍പം ഉയര്‍ന്നു. ഇങ്ങനെ വായുവിലുയര്‍ന്ന പന്താണ് റൊണാള്‍ഡോ ഗോളിലേക്ക് പായിച്ചത്. റൊണാള്‍ഡോയുടെ വലംകാലുകൊണ്ടുള്ള ബുള്ളറ്റ് ഷോട്ട് പിഎസ്ജി ഗോളി അല്‍ഫോണ്‍സ് അരിയോളയേയും വേഗതകൊണ്ട് മറികടന്നു. 

എങ്കിലും എന്തുകൊണ്ടാണ് പന്ത് വായുവിലുയര്‍ന്നത് എന്ന ചോദ്യമാണ് പിന്നീട് ഫുട്‌ബോള്‍ ലോകത്തുനിന്നും ഉയര്‍ന്നത്. പെനല്‍റ്റിയല്ല വോളിബോള്‍ പെനല്‍റ്റിയാണ് റൊണാള്‍ഡോ എടുത്തതെന്നും ഫുട്‌ബോള്‍ പണ്ഡിതര്‍ പറയുന്നു. ഷോട്ടെടുക്കും മുമ്പ് കണ്ണടച്ച് ക്രിസ്റ്റ്യാനോ എന്തോ മന്ത്രവാദം നടത്തിയെന്ന തുടങ്ങി 'ഓ, ഈ ഷോട്ടൊക്കെ അവന്‍ പരിശീലിക്കുന്നത് നേരത്തെ കണ്ടിട്ടുണ്ട്' എന്ന റിയോ ഫെര്‍ഡിനാന്റിന്റെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ വരെ വന്നു കഴിഞ്ഞു. 

ഇതിനിടെ റൊണാള്‍ഡോയുടെ പെനല്‍റ്റിയെ ശാസ്ത്രീയമായി വിശദീകരിക്കാന്‍ ബ്രിട്ടീഷ് മാധ്യമമായ ദ സണ്‍ ശ്രമിക്കുകയും ചെയ്തു. പുല്‍ മൈതാനത്ത് പുല്ലിനടിയില്‍ ചെറിയ തോതില്‍ വെള്ളം കെട്ടിക്കിടക്കാറുണ്ടെന്നും ഇത്തരം വെള്ളത്തിന്റെ സാന്നിധ്യമാണ് റൊണാള്‍ഡോയുടെ തറയിലെ ശക്തമായ ചവിട്ടിനെ തുടര്‍ന്ന് പന്ത് ഉയര്‍ത്തിയതെന്നുമാണ് ഗാര്‍ഡനിംങ് വിദഗ്ധനായ പീറ്റര്‍ സീബ്രൂക്കിനെ ഉദ്ധരിച്ച് ദ സണ്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. 

അതിനിടെ ക്രിസ്റ്റ്യാനോ ഇത്തരം ഷോട്ടുകള്‍ പരിശീലിക്കാറുണ്ടെന്ന് മുന്‍ ഇംഗ്ലീഷ് പ്രതിരോധ താരമായ റിയോ ഫെര്‍ഡിനാന്റ് നടത്തിയ വെളിപ്പെടുത്തലും ശ്രദ്ധേയമായി. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ഇരുവരും സഹതാരങ്ങളായിരുന്നു. യുണൈറ്റഡിലുണ്ടായിരുന്ന കാലത്ത് ക്രിസ്റ്റ്യാനോ ഇത്തരം ഷോട്ടുകള്‍ പരിശീലിക്കുന്നത് കണ്ടിട്ടുണ്ടെന്നാണ് റിയോ പറയുന്നത്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.