വര്‍ഗീയ സംഘര്‍ഷത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ഇന്ന് ആരംഭിക്കാനിരിക്കുന്ന ത്രിരാഷ്ട്ര പരമ്പരക്ക് മേല്‍ കറുത്ത നിഴല്‍ വീണു. ത്രിരാഷ്ട്ര ട്വന്‍റി 20 പരമ്പരയിലെ ഇന്ത്യ - ശ്രീലങ്ക ഉദ്ഘാടന മത്സരം ആരംഭിക്കാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കെയാണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം. ഇതോടെ നിലവിലെ സാഹചര്യത്തില്‍ കളി നടക്കുമോയെന്ന ആശങ്കയിലായി ക്രിക്കറ്റ് പ്രേമികള്‍. ഇതേസമയം, ബിസിസിഐ പുറത്തിറക്കിയ പത്രക്കുറിപ്പ് പ്രകാരം, കൊളംബോ സ്റ്റേഡിയവും പരിസരവും നിലവില്‍ സുരക്ഷിതമാണെന്നും ക്രമസമാധാന നില നിയന്ത്രണവിധേയമാണെന്നും വ്യക്തമാക്കുന്നുണ്ട്. നിശ്ചയിച്ച പ്രകാരം മത്സരം നടക്കുമെന്നും പത്രക്കുറിപ്പില്‍ പറയുന്നു.
''ശ്രീലങ്കയില്‍ അടിയന്തരാവസ്ഥയും കര്‍ഫ്യൂവും പ്രഖ്യാപിച്ചതായി അറിയുന്നു. കാന്‍ഡി മേഖലയാണ് പ്രധാന പ്രശ്നബാധിത പ്രദേശം. ഇന്ന് കളി നടക്കാനിരിക്കുന്ന കൊളംബോ സുരക്ഷിതമാണ്. ഇവിടെ ജനജീവിതം സാധാരണമാണെന്നും അസ്വസ്ഥതകളൊന്നുമില്ലെന്നുമാണ് ശ്രീലങ്കന്‍ സുരക്ഷാ അധികൃതരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. അതുകൊണ്ട് തന്നെ മുന്‍നിശ്ചയിച്ചതു പ്രകാരം മത്സരം നടത്താനാണ് തീരുമാനം. ഇതേസമയം, സാഹചര്യത്തിനനുസരിച്ച് മുന്നോട്ടുള്ള തീരുമാനമെടുക്കുമെന്നും ബിസിസിഐ അറിയിച്ചു. പത്തു ദിവസത്തേക്കാണ് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യയെ കൂടാതെ ബംഗ്ലാദേശാണ് മൂന്നാമത്തെ ടീം. ടീമുകളുടെ സുരക്ഷയാണ് ഇപ്പോള്‍ പ്രധാന പ്രശ്നം. രാജ്യത്തെമ്പാടും സായുധ സേനയെ സര്‍ക്കാര്‍ വിന്യസിച്ചിട്ടുണ്ട്. മലയോര മേഖലകളിലാണ് കലാപം അരങ്ങേറുന്നത്. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ഗീയ സംഘര്‍ഷത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടതായും നിരവധി മുസ്‍ലിംകളുടെ വീടുകള്‍ തകര്‍ക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. വ്യാപാര സ്ഥാപനങ്ങളും തകര്‍ത്തു.
Comments