You are Here : Home / SPORTS

കളി അനന്തപുരിയിൽ തന്നെ ; ശ്രീശാന്ത് ഹാപ്പി

Text Size  

Story Dated: Tuesday, March 20, 2018 03:37 hrs UTC

ഇന്ത്യ-വിന്‍ഡീസ് ഏകദിന മത്സരം പ്രതിഷേധത്തെ തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലേക്ക് മാറ്റാനുള്ള തീരുമാനത്തെ പിന്തുണച്ച്‌ ക്രിക്കറ്റര്‍ എസ് ശ്രീശാന്ത്. ഫുട്ബോള്‍ നടക്കുന്ന സമയത്ത് തന്നെ കൊച്ചി സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് കളിക്കണമെന്ന വാശി തെറ്റാണെന്ന് പറഞ്ഞ ശ്രീശാന്ത് തിരുവനന്തപുരത്തേക്ക് മത്സരം മാറ്റാനുള്ള തീരുമാനം വളരെയധികം സന്തോഷം നല്‍കുന്ന വാര്‍ത്തയാണെന്നും വ്യക്തമാക്കി.

സ്പോര്‍ട്സ് ആരാധകന്‍ എന്ന നിലയ്ക്കാണ് തന്റെ അഭിപ്രായം. കൊച്ചിയില്‍ മത്സരം വെച്ചാല്‍ തീര്‍ച്ചയായിട്ടും കൂടുതല്‍ കാണികളെ ലഭിക്കും പക്ഷെ ഒരു സ്റ്റേഡിയത്തില്‍ ഒരു കളി മികച്ച രീതിയില്‍ നടക്കുമ്ബോള്‍ അതേ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് വരുന്നതിനോട് യോജിപ്പില്ല. നവംബറിലാണ് കളി. അതും ഐഎസ്‌എല്ലിന്റെ അതേ സമയത്ത്, അങ്ങനെ ചെയ്യുന്നത് ഉചിതമായ കാര്യമല്ല. ഇതിന് പുറകില്‍ ആരാണെന്ന് അറിയില്ലെന്നും ശ്രീശാന്ത് പറഞ്ഞു.

കാര്യവട്ടം ഗ്രൗണ്ടിനെ കുറിച്ച്‌ എല്ലാ ക്രിക്കറ്റേഴ്സിനും കമന്റേഴിസിനും നല്ല അഭിപ്രായമാണുള്ളത്. ഏകദിനത്തിന് പറ്റിയ നല്ല വിക്കറ്റാണ് കാര്യവട്ടത്തേത്. അത്തരമൊരു സാഹചര്യം നിലനില്‍ക്കെ കേരളത്തിന്റെ അഭിമാനമായ ബ്ലാസ്റ്റേഴ്സ് ടീം കളിക്കുമ്ബോള്‍ അതിനെ ബാധിക്കുന്ന തരത്തില്‍ മത്സരം കൊച്ചിയില്‍ വെയ്ക്കുന്നത് ശരിയല്ല. അതുകൊണ്ട് ഇത്തവണത്തെ കളി തിരുവനന്തപുരത്ത് വെച്ച്‌ നടക്കുന്നത് തന്നെയാണ് ഉചിതം, ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.

കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ പ്രതിഷേധം വ്യാപകമായതിനെ തുടര്‍ന്നാണ് കെസിഎ തീരുമാനം മാറ്റുന്നത്. മത്സരം തിരുവനന്തപുരത്ത് നടത്താന്‍ സര്‍ക്കാര്‍ കെസിഎയോട് നിര്‍ദേശിക്കും. തര്‍ക്കങ്ങള്‍ ഇല്ലാതെ മത്സരം നടത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് കായികമന്ത്രി എസി മൊയ്തീനും വ്യക്തമാക്കിയിട്ടുണ്ട്. വേദി മാറ്റുന്നത് സംബന്ധിച്ച്‌ ജിസിഡിഎ-കെസിഎ ഭാരവാഹികളുമായി മന്ത്രി സംസാരിച്ചു. കൊച്ചിയിലെ ടര്‍ഫ് നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

ഈ വര്‍ഷം നവംബര്‍ ഒന്നിന് നടക്കുന്ന ഇന്ത്യവിന്‍ഡീസ് ഏകദിന മത്സരത്തിന് കൊച്ചി വേദിയാക്കാനായിരുന്നു നിശ്ചയിച്ചിരുന്നത്. കേരളത്തിന് അനുവദിച്ച മത്സരം കൊച്ചിയില്‍ നടത്താന്‍ കെസിഎയും ജിസിഡിഎയും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ആയത്. എന്നാല്‍ ഫുട്ബോള്‍ മത്സരങ്ങളുടെ വേദിയായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ ശക്തമായ എതിര്‍പ്പ് ഉയര്‍ന്നുവന്നു. കേരളാ ഫുട്ബോള്‍ അസോസിയേഷനും താരങ്ങളും വിമര്‍ശനങ്ങളുമായി രംഗത്തെത്തി.

എതിര്‍പ്പുകള്‍ ശക്തമായതോടെ കലൂര്‍ സ്റ്റേഡിയം ക്രിക്കറ്റ് മത്സരത്തിന് വിട്ടുകൊടുക്കാനുള്ള തീരുമാനം ജിസിഡിഎ പുന:പ്പരിശോധിക്കുകയായിരുന്നു. ഫുട്ബോളിന് തടസമാകുമെങ്കില്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം വേണ്ടെന്നും വിവാദത്തിനില്ലെന്നും ജിസിഡിഎ ചെയര്‍മാന്‍ സിഎന്‍ മോഹനന്‍ പറഞ്ഞു. 2017 ല്‍ ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ് ഫുട്ബോള്‍ ഉള്‍പ്പെടെ നടന്ന വേദിയാണ് കലൂര്‍ സ്റ്റേഡിയം. ഐഎസ്‌എല്ലിലെ കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ടാണ് കൊച്ചി. പൂര്‍ണമായും ഫുട്ബോള്‍ ഗ്രൗണ്ടായി മാറിയിരിക്കുന്ന സാഹചര്യത്തില്‍ അത് നശിപ്പിക്കാന്‍ അനുവദിക്കില്ലെന്നാണ് ഫുട്ബോള്‍ പ്രേമികളുടെ നിലപാട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.