72-ാംമത് സന്തോഷ് ട്രോഫിയില്‍ കേരളം കിരീടം സ്വന്തമാക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് താരം സികെ വിനീത്. കേരളം കാഴ്ച്ചവെക്കുന്നത് സമാനതകളില്ലാത്ത പോരാട്ടവീര്യമാണെന്നും ബംഗാളല്ല ആര് എതിരാളികളായി എത്തിയാലും കേരളം കപ്പ് ഉയര്‍ത്തുമെന്നും വിനീത് പറഞ്ഞു.
ഒരുകാലത്ത് ഏറെ പ്രതാഭമുണ്ടായ ടൂര്‍ണ്ണമെന്റായിരുന്നു സന്തോഷ് ട്രോഫിയെന്നും ആ ടൂര്‍ണ്ണമെന്റിന്റെ മൂല്യം വിലമതിക്കാനാകാത്തതാണെന്നും വിനീത് കൂട്ടിച്ചേര്‍ത്തു. സന്തോഷ് ട്രോഫിയില്‍ കേരളം മിസോറാമിനെ തകര്‍ത്ത ശേഷം ഒരു സ്വകാര്യ ചാനലിനോടാണ് വിനീത് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
സന്തോഷ് ട്രോഫി സെമി പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് കേരളം മിസോറാമിനെ തകര്‍ത്തത്. കേരളത്തിലായി പകരക്കാരനായി ഇറങ്ങിയ അഫ്ദലാണ് ഗോള്‍ നേടിയത്. മത്സരത്തിന്റെ 55ാം മിനിറ്റിലായിരുന്നു ഗോള്‍ പിറന്നത്.
ഇതോടെ സന്തോഷ് ട്രോഫിയില്‍ കേരളം 13ാം ഫൈനലാണ് ഞായറാഴ്ച്ച കൊല്‍ക്കത്തയില്‍ കളിക്കുന്നത്. കരുത്തരായി ബംഗാളാണ് കേരളത്തിന്റെ എതിരാളികള്‍. സെമിയില്‍ കര്‍ണാടകയെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്താണ് ബംഗാള്‍ ഫൈനലില്‍ പ്രവേശിച്ചത്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ കേരളം ബംഗാളിനെ ഒരു ഗോളിന് തകര്‍ത്തിരുന്നു. 2005ലാണ് കേരളം അവസാനമായി സന്തോഷ് ട്രോഫി നേടിയത്. ബംഗാള്‍ നിലവിലെ ചാമ്ബ്യന്മാരാണ്.
Comments