ലോകസഭാ തിരഞ്ഞെടുപ്പ് പ്രക്രിയ എളുപ്പമാക്കുന്നതിനായി തിരഞ്ഞെടുപ്പ് കമ്മീഷനു മുന്നില്‍ ഗൂഗിള്‍ സമര്‍പ്പിച്ച പുതിയ പദ്ധതി കമ്മീഷന്‍ തള്ളി. ഓണ്‍ലൈനായി വോട്ടര്‍മാര്‍ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമാണ് ഗൂഗിള്‍ ഇന്ത്യക്കു മുന്നില്‍ വെച്ചത്. പോളിംഗ് സ്റ്റേഷനില്‍ നിന്നും ഐഡന്റിറ്റി കാര്‍ഡില്‍ നിന്നുമുള്ള വിവരങ്ങള്‍ ശേഖരിച്ചു കൊണ്ടാണ്
ഗൂഗിള്‍ ഈ സേവനം സൗജന്യമായി നടത്താമെന്ന് അറിയിച്ചത്. വ്യാഴാഴ്‌ച പുറത്തിറക്കിയ ഒരു പ്രസ്‌താവനയിലൂടെയാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്.
ഗൂഗിളിന്റെ ഈ പ്രൊപോസലിനെക്കുറിച്ച് സൈബര്‍ വിദഗ്‌ധരില്‍ നിന്നും പല വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇത് സുരക്ഷയുടെ പ്രശ്‌നമാണെന്നായിരുന്നു സൈബര്‍ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടിയത്. അമേരിക്ക ഗൂഗിളും ഫേസ്‌ബുക്കും ഉപയോഗിച്ച് രാജ്യത്തെ ഉപഭോക്താക്കളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും കരസ്ഥമാക്കിയ വിവരം പുറത്തു വന്നത് അടുത്തിടെയാണ്. അത് ഇവിടെയും ആവര്‍ത്തിക്കാനാണ് ഗൂഗിള്‍ ശ്രമിക്കുന്നടതെന്ന് ചൂണ്ടിക്കാട്ടിക്കൊണ്ടായിരുന്നു പ്രതികരണങ്ങള്‍. എന്നാല്‍ തങ്ങള്‍ ആരുടെയും വിവരങ്ങള്‍ മോഷ്‌ടിക്കാനല്ല, ഇന്ത്യന്‍ ഗവണ്‍മെന്റിനെ സഹായിക്കുക എന്ന ലക്ഷ്യം മാത്രമാണ് തങ്ങള്‍ക്കുള്ളത് എന്നുമാണ് ഗൂഗിളിന്റെ ഇതു സംബന്ധിച്ച പ്രസ്‌താവനയില്‍ പറയുന്നത്.
ഫിലിപ്പീന്‍സ്, ഈജിപ്‌ത്, മെക്‌സിക്കോ, കെനിയ തുടങ്ങി പല രാജ്യങ്ങളെയും നിലവില്‍ ഇത്തരം കാര്യങ്ങളില്‍ തങ്ങള്‍ സഹായിക്കുന്നുണ്ടെന്നുംഅത്തരത്തിലൊരു ഉദ്ദേശ്യം മാത്രമേ തങ്ങള്‍ക്ക് ഇക്കാര്യത്തിലും ഉള്ളുവെന്നും ഗൂഗിള്‍ പറയുന്നു. ഇത് രണ്ടാമത്തെ തവണയാണ് ഗൂഗിള്‍ മുന്നോട്ടു വെച്ച നിര്‍ദ്ദേശം ഇന്ത്യ തള്ളുന്നത്. ഗൂഗിള്‍ മാപ്പതോണ്‍ എന്ന ഒരു പദ്ധതി ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം കൊണ്ടു വന്നിരുന്നു.
ഗൂഗിളിന്റെ മാപ്പിലുള്ള സ്ഥലം തിരിച്ചറിയുക എന്നൊരു മത്സരമായിരുന്നു അത്. ഗൂഗിള്‍ മാപ്പ് ഉപയോഗിക്കാന്‍ ഇത് വഴി പരിചയമാകും എന്നവകാശപ്പെട്ടു കൊണ്ടായിരുന്നു പുതിയ പരീക്ഷണം. രാജ്യത്തിന്റെ മര്‍മപ്രധാനമായ പല സ്ഥലങ്ങളിലും ഇക്കാരണം പറഞ്ഞ് ഗൂഗിളെത്തുന്നു എന്ന പോലീസ് കേസിനെ തുടര്‍ന്ന് ഒടുവില്‍ ഇത് പിന്‍വലിക്കുകയായിരുന്നു. ഇന്ത്യയില്‍ വിജയകരമായ ചില കാര്യങ്ങളും ഗൂഗിള്‍ ചെയ്‌തിട്ടുണ്ടെന്നതും വസ്‌തുതയാണ്. ഇന്ത്യയുടെ പുരാവസ്‌തുക്കളെ സംബന്ധിച്ച സര്‍വ്വേയില്‍ ഗൂഗിള്‍ പങ്കാളികളാവുകയും
താജ് മഹല്‍, ഖജുരാഹോ ഉള്‍പ്പടെ ഇന്ത്യയുടെ 100 ചരിത്ര സ്‌മാരകങ്ങളുടെയും ഓണ്‍ലൈന്‍ ചിത്രങ്ങള്‍ എടുത്തു കൊടുക്കുകയും ചെയ്‌തിരുന്നു.
Comments