യംഗ് ഇന്ത്യ എന്ന സങ്കല്‍പ്പം യാഥാര്ത്ഥ്യമാക്കുവാനിറങ്ങിയിരിക്കുകയാണ് ധനമന്ത്രി പി.ചിദംബരം. ഇതിനായി പരമാവധി യുവാക്കളെ ലോകസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുക എന്ന ആശയമാണ് അദ്ദേഹം കണ്ടെത്തിയിരിക്കുന്നത്. പത്തോ ഇരുപതോ യുവാക്കളെയൊന്നും മത്സരിപ്പിച്ചാല്‍ മതിയാകില്ലെന്നാണ് ചിദംബരം പറയുന്നത്.
കുറഞ്ഞത് 272 യുവാക്കളെയെങ്കിലും മത്സരിപ്പിക്കണമത്രെ. 2014 ലെ ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 35 വയസില്‍ താഴെയുള്ള 272 യുവാക്കളെ മത്സരിപ്പിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ആഗ്രഹം. ഈ ആഗ്രഹം അദ്ദേഹം എഐസിസി യോഗത്തില്‍ ഉന്നയിക്കുകയും ചെയ്തു.
ഇതിന് അദ്ദേഹം പറയുന്ന കാരണം രാജ്യത്തെ ജനസംഖ്യയില്‍ 68 ശതമാനവും 35 വയസില്‍ താഴെയുള്ളവരാണ്. അതു കൊണ്ട് ആകെയുള്ള സീറ്റില്‍ പകുതി സീറ്റുകളില്‍ അവരെ മത്സരിപ്പിക്കണം. ഉത്തരവാദിത്വത്തോടെ അവരെ വിശ്വസിച്ചയച്ചാല് അവരും കരുത്തരാകും . അതുവഴി രാജ്യവും. ഇന്ത്യ ചെറുപ്പമാകണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു."യംഗ് ഇന്ത്യ എംപവേര്‍ഡ് ഇന്ത്യ" എന്ന മുദ്രാവാക്യവും അദ്ദേഹം ഇതിനായി കണ്ടെത്തിക്കഴിഞ്ഞു. കോണ്‍ഗ്രസിന്റെ ദൗത്യമെന്നത് ഇന്ത്യയെ ശക്തിപ്പെടുത്തുക എന്നതാണ്. അതിനായി രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പിനെ നയിക്കണമെന്നും അദ്ദേഹം പറയുന്നു.
Comments