ദുല്‍ഖറിലെ നടന്‍ തന്നെ നിര്‍മിച്ച സിനിമാ ചരിത്രത്തോട് ഇത്രമേല്‍ അര്‍ഥവത്തായി സംവദിച്ച മറ്റൊരു ചിത്രമില്ലെന്നു സംവിധായകന്‍ ബി. ഉണ്ണികൃഷ്‌ണന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്.
'കാറ്റ് പോലൊരാള്‍. ചാര്‍ലിയെക്കുറിച്ച് പെട്ടെന്ന് അങ്ങനെ പറയാമെന്ന് തോന്നുന്നു. കെട്ടുപാടുകളില്ലാതെ, കാറ്റിനുമാത്രം പറഞ്ഞിട്ടുള്ള സ്വാതന്ത്ര്യത്തോടെ അയാള്‍ ചുറ്റിക്കറങ്ങിക്കൊണ്ടേയിരിക്കുന്നു. തികച്ചും അവിചാരിതമായി നിങ്ങളുടെ ജീവിതത്തിലേക്ക് അയാള്‍ ഊളിയിട്ടിറങ്ങും; ചിലപ്പോള്‍, പാതിരാവില്‍, നിങ്ങളുടെ വീടിന്റെ ഓട് പകുത്തുമാറ്റിക്കൊണ്ട് പോലും ഒരു വിശുദ്ധ കള്ളനെപ്പോലെ. കൂടെ, ആ വെളിപ്പെടല്‍ കണ്ട് ആകെ പകച്ചുപോയ ഒരു പാവം യഥാര്‍ത്ഥ കള്ളനുമുണ്ടാവും. അങ്ങിനെ, ഓട് പൊളിച്ചിറങ്ങിയ ഒരു രാവില്‍, ചാര്‍ലി പാപപാശത്തിന്റെ കെട്ടറുത്ത്, പിന്നേയും ജീവിതത്തിലേക്ക് പിടിച്ചുകയറ്റിയ പെണ്‍കുട്ടിക്ക് അയാള്‍ ആരായിരുന്നു? ഹതാശമായ ഒരു ജീവിതം പോലെ, കടല്‍പ്പരപ്പില്‍ ചുറ്റിത്തിരിഞ്ഞ ഒരു നൗകയില്‍, ദിവ്യനക്ഷത്രങ്ങളൊന്നുമുദിക്കാത്ത ആകാശത്തിനു താഴെ, എച്ച് ഐ വി ബാധിതയായ വേശ്യക്ക് മത്സ്യവും വീഞ്ഞും കൊണ്ട് വിരുന്നൊരുക്കുന്ന ചാര്‍ലി . കരുണാരഹിതമായ പൗരുഷത്തിന്റെ അധിനിവേശങ്ങള്‍ നിക്ഷേപിച്ച അണുക്കള്‍ ശതലക്ഷങ്ങളായി പെരുകി, മദിച്ചാര്‍ക്കുന്ന സംഭരണിയായി മാറിയ ഉടലിനേയും താങ്ങി, നിരാലംബയായി, ബോട്ടിന്റെ തുമ്പത്ത്, ലോകസിനിമ കണ്ട ഏറ്റവും പ്രശസ്‌തയായ കാല്‍പ്പനിക നായികയുടെ വൈറല്‍ ബാധിതമായ കാരിക്കേച്ചര്‍ പോലെ നിന്ന മേരിയെ നോക്കി, ഇവളുടെ സങ്കടപ്പെരുക്കങ്ങള്‍ക്ക് മുന്നില്‍ നീ എത്രമേല്‍ നിസ്സാരമെന്ന് കടലിനോട് ചാര്‍ലി പറയാതെ പറഞ്ഞത്, മാര്‍ട്ടിനും ഉണ്ണി ആറും കാവ്യാത്മകമായി കരുതിവെച്ച മൗനങ്ങളില്‍ ഞാന്‍ കേട്ടു. കണ്ണുകളില്‍ ഒരു നീറ്റലുമുണ്ടായി. ഏറ്റവും ആനന്ദഭരിതമായ ആ രാത്രിക്കപ്പുറം മനുഷ്യജന്മം നീട്ടുന്നതില്‍ അര്‍ത്ഥമില്ലെന്നറിഞ്ഞ്, മേരി ഒരു മത്സ്യകന്യകയായി പരിണമിച്ച്, ആഴിയിലേക്ക് കൂപ്പുകുത്തി. ജലത്തിന്റെ അസംഖ്യം ചില്ലുവാതിലുകള്‍ ഒരോന്നോരോന്നായി തുറന്നുകൊണ്ട്, പരമ്പൊരുളിനെയറിയാന്‍ ഊളിയിട്ടവളിറങ്ങുമ്പോള്‍, ചാര്‍ലി അവള്‍ക്കാരായിരുന്നു, ചിന്തകളില്‍? നഷ്‌ടപ്രണയത്തിന്റെ ഉമിത്തീയില്‍ സ്വയമെരിഞ്ഞൊടുങ്ങുന്ന നെടുമുടി വേണു അവതരിപ്പിക്കുന്ന വൃദ്ധന്റെ മുന്നിലേക്ക്, കര്‍ത്താവിന്റെ മണവാട്ടിയായിത്തീര്‍ന്ന പഴയ കാമുകിയെ കൊണ്ടുചെന്ന് നിറുത്തുന്നുണ്ട്, ചാര്‍ലി. ക്ഷണികമായ, ഒന്നുമൊന്നും സംസാരിക്കാത്ത കൂടിക്കാഴ്‌ച്ചയ്‌ക്ക് ശേഷം, നഷ്‌ടപ്രണയിനി വണ്ടി കയറി പോയ്‌ക്കഴിഞ്ഞ്, നിറഞ്ഞ സ്‌നേഹത്തോടെ, നന്ദിയോടെ ചാര്‍ലിയെ നോക്കുന്ന വൃദ്ധന്റെ അകകാമ്പില്‍, ആരായിരുന്നു ചാര്‍ലി? ഇങ്ങനെയൊരാളെ അടുത്തെങ്ങും നമ്മുടെ സിനിമയില്‍ കണ്ടിട്ടില്ല. ഓര്‍ത്തുനോക്കുമ്പോള്‍, നമ്മുക്കേറെപ്രിയപ്പെട്ട ചില മോഹന്‍ലാല്‍ കഥാപാത്രങ്ങളുടെ ഛായകള്‍ ചാര്‍ലിയില്‍ പടര്‍ന്ന് കിടപ്പുണ്ട്. ദുല്‍ക്കറിലെ നടന്‍ തന്നെ നിര്‍മ്മിച്ച സിനിമാചരിത്രത്തിനോട് ഇത്രമേല്‍ അര്‍ത്ഥവത്തായി സംവദിച്ച മറ്റൊരുചിത്രമില്ല. മഹാനടനായ സ്വന്തം പിതാവിന്റേയും അദ്ദേഹത്തിന് സമശീഷനായ, അതുല്യപ്രതിഭയായ മോഹന്‍ലാലിന്റേയും ലെഗസിയെ ഒരേസമയം ഉള്‍ക്കോള്ളാനും, പുന:ര്‍വ്വ്യാഖ്യാനം ചെയ്യാനും ദുല്‍ക്കറിന് സാധിച്ചിട്ടുണ്ട്. കണ്ടറിഞ്ഞ, കേട്ടറിഞ്ഞ കഥകളിലൂടെ ചാര്‍ലിയെ പ്രണയിക്കുന്നവളായി പാര്‍വതിയെ അല്ലാതെ മറ്റൊരുനടിയെ ഓര്‍ത്തെടുക്കുവാന്‍പോലും സാധിക്കുന്നില്ല. ഷീ കണ്ടിന്യൂസ് ഹെര്‍ ബ്രില്യന്റ് ഫോം. ആന്‍ഡ് ജോമോന്‍ ഇസ് ഫാബുലസ്, അസ് ഓള്‍വേയ്‌സ്. എന്റെ പ്രിയ സുഹൃത്ത് ആര്‍ ഉണ്ണിയുടെ എഴുത്ത് ഗംഭീരം. മാര്‍ട്ടിന്റെ ഏറ്റവും മികച്ച റശൃലരീേൃശമഹ ംീൃസ ചാര്‍ലി തന്നെ. അഭിനന്ദനങ്ങള്‍. പിന്നെ, ഒരു സ്വകാര്യസന്തോഷം കൂടിയുണ്ട്. സ്‌പോട്ട് എഡിറ്ററായി എന്റെകൂടെ ഗ്രാന്റ്‌മാസ്‌റ്ററില്‍ തുടക്കം കുറിച്ച ഷമീര്‍ ചാര്‍ലിയിലൂടെ സ്വതന്ത്ര എഡിറ്ററായി മാറിയിരിക്കുന്നു. ഷമീറിന്റെ പ്രതിഭയെ ഭംഗിയായി അടയാളപ്പെടുത്തുന്നുണ്ട്, ചാര്‍ലി. ചിത്രത്തിന്റെ നിര്‍മ്മാണപങ്കാളിയായ നടന്‍ ജോജുവിനും അഭിനന്ദനങ്ങള്‍.
Comments