ഇന്ത്യയില്‍ നടക്കാനിരിക്കുന്നു ഐസിസി ചാമ്പ്യന്‍സ് ട്രോഫിയുടെ വേദിയുടെ കാര്യത്തില്‍ അനിശ്ചിതത്വം. 2021ലെ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യയില്‍ നിന്ന് മാറ്റിയേക്കുമെന്ന് ഐസിസി മുന്നറിയിപ്പ് നല്കി. വെള്ളിയാഴ്ച്ച ചേര്‍ന്ന ഐസിസി യോഗമാണ് പകരം വേദി നോക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ സര്‍ക്കാര്‍ ടൂര്‍ണമെന്റിന്റെ നികുതിയില്‍ ഇളവ് നല്കാന്‍ തയാറാകത്തതാണ് ഐസിസിയെ ചൊടിപ്പിച്ചത്. മുന്‍കാലങ്ങളില്‍ ഐസിസി ടൂര്‍ണമെന്റുകള്‍ക്ക് വേദിയാകുന്ന രാജ്യങ്ങള്‍ നികുതിയിളവ് നല്കാറുണ്ട്. എന്നാല്‍ 2021ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇതുവരെ അത്തരത്തിലൊരു വാഗ്ദാനവും ഐസിസിക്ക് ലഭിച്ചില്ല. ഇന്ത്യയിലെ സമയക്രമവുമായി വ്യത്യാസമില്ലാത്ത ഏതെങ്കിലും ഒരു രാജ്യത്തെയാകും പകരം പരിഗണിക്കുക. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരുമായി ചര്‍ച്ചകള്‍ തുടരും.
ഇന്ത്യയില്‍ നിന്ന് ടൂര്‍ണമെന്റ് മാറ്റിയാല്‍ ദക്ഷിണാഫ്രിക്കയോ ശ്രീലങ്കയോ പകരം വേദിയാകുമെന്നും സൂചനകളുണ്ട്. ദക്ഷിണാഫ്രിക്ക ഇതിനോടകം താല്പര്യം അറിയിച്ചുകഴിഞ്ഞു. വെള്ളിയാഴ്ച്ച സമാപിച്ച ഐസിസി യോഗത്തിലെ മറ്റൊരു പ്രധാന തീരുമാനം ഇന്ദ്ര നൂയിയെ ഐസിസിയുടെ ആദ്യ സ്വതന്ത്ര വനിതാ ഡയറക്ടറായി തെരഞ്ഞെടുത്തു എന്നതാണ്. പെപ്‌സികോ മേധാവിയാണ് ലോകത്തിലെ ഏറ്റവും ശക്തിയേറിയ ബിസിനസുകാരില്‍ ഒരാളായി അറിയപ്പെടുന്ന ഇന്ദ്ര നൂയി. രണ്ടു വര്‍ഷത്തേക്കാണ് നിയമനം. കഴിഞ്ഞ ജൂണിലാണ് ഐസിസി സ്വതന്ത്ര ഡയറക്ടറായി വനിതകളെ നിയമിക്കാന്‍ തീരുമാനിച്ചത്.
ഇന്ദ്രയെ ഐസിസിയിലേക്ക് ഹാര്‍ദമായി സ്വാഗതം ചെയ്യുന്നതായി ചെയര്‍മാന്‍ ശശാങ്ക് മനോഹര്‍ പറഞ്ഞു. ഭരണ നിര്‍വ്വഹണം കാര്യക്ഷമമാക്കാന്‍ എടുത്ത പ്രധാന നടപടികളിലൊന്നായി ഇന്ദ്ര നൂയിയുടെ നിയമനത്തെ അദ്ദേഹം വിശേഷിപ്പിച്ചു. ലോകത്തെ ഏറ്റവും സ്വാധീനമുള്ള വനിതയെ ഡയറക്ടറായി നിയമിക്കുന്നതിലൂടെ ഐസിസിക്ക് കൂടുതല്‍ ഊര്‍ജം ലഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടു വര്‍ഷമാണ് സ്വതന്ത്ര ഡയറക്ടറുടെ കാലാവധി. വീണ്ടും തെരഞ്ഞെടുക്കപ്പെട്ടാല്‍ തുടര്‍ച്ചയായി മൂന്നു ടേം (ആറ് വര്‍ഷം) ഡയറക്ടറായി തുടരാം.
Comments