അട്ടപ്പാടിയില്‍ ജനക്കൂട്ടത്തിന്റെ മര്‍ദനത്തെ തുടര്‍ന്ന് ആദിവാസി യുവാവ് മധു മരിച്ച സംഭവത്തില്‍ വര്‍ഗീയത കലര്‍ത്തി ട്വീറ്റ് ചെയ്ത ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് മാപ്പ് പറഞ്ഞു. മധുവിന്റെ കൊലപാതകത്തില്‍ പ്രതികളിലെ മുസ്ലിം പേരുകള്‍ മാത്രം എടുത്തുപറഞ്ഞുകൊണ്ടായിരുന്നു കൊലപാതകത്തെ അപലപിച്ചു കൊണ്ടുള്ള സെവാഗിന്റെ കുറിപ്പ്.
''മധു ഒരു കിലോഗ്രാം അരി മോഷ്ടിച്ചു. ഉബൈദ്, ഹുസൈന്, അബ്ദുല്‍കരീം എന്നിവരടങ്ങുന്ന സംഘം ആ ആദിവാസി യുവാവിനെ കൂട്ടക്കൊല ചെയ്തു. പരിഷ്കൃത സമൂഹത്തിന് ഇത് അപമാനമാണ്. ഇങ്ങിനെയൊക്കെ സംഭവിച്ചിട്ടും ആര്‍ക്കും ഒരു കുഴപ്പവുമില്ലെന്നതില് ഞാന്‍ ലജ്ജിക്കുന്നു.'' ഇതായിരുന്നു സെവാഗിന്റെ ട്വീറ്റ്. ട്വീറ്റിന് താഴെ #muslimskillmadhu എന്ന ഹാഷ് ടാഗുകളും പ്രചരിച്ചതോടെ സംഭവം വിവാദായി.
ഇതേത്തുടര്‍ന്നാണ് വിവാദ ട്വീറ്റില്‍ ഖേദം പ്രകടിപ്പിച്ച് സെവാഗ് രംഗത്തുവന്നത്. തനിക്ക് ലഭ്യമായ വിവരങ്ങളിലെ അപൂര്‍ണതയാണ് കൂടുതല്‍ പേരുകള്‍ തന്റെ ട്വീറ്റില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കാത്തതിന് കാരണമെന്നും ഇതില്‍ താന്‍ ആത്മാര്‍ഥമായി മാപ്പ് പറയുന്നതായും സെവാഗ് ട്വിറ്ററില്‍ കുറിച്ചു.
തന്റെ ട്വീറ്റ് വര്‍ഗീയത കലര്ത്തിയുള്ളതായിരുന്നില്ലെന്നും സെവാഗ് പറഞ്ഞു. മതത്താല്‍ വേര്തിരിക്കപ്പെട്ടവരാണെങ്കിലും കൊലയാളികള്‍ അക്രമവാസന കൊണ്ട് ഒരുമിച്ചു ചേര്‍ന്നവരാണെന്ന് സെവാഗ് പറഞ്ഞു. ഇതിന് ശേഷം തന്റെ വിവാദ ട്വീറ്റ് സെവാഗ് ട്വിറ്ററില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തു.
Comments