ഏഷ്യാകപ്പിന്റെ മത്സരക്രമത്തെ ചൊല്ലി പ്രതിഷേധവുമായി ബിസിസിഐയ്ക്ക് പിന്നാലെ മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗും രംഗത്ത്. ചിരവൈരികളായ പാകിസ്ഥാനുമായുളള മത്സരത്തിന് തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യയ്ക്ക് മറ്റൊരു മല്‍സരമുള്ളതാണ് ബിസിസിഐയുടെ വിമര്‍ശനത്തിന് കാരണം.
ഏഷ്യാകപ്പിന് യോഗ്യത നേടിയെത്തുന്ന ടീമുമായി കളിച്ചതിന് പിന്നാലെ പാക്കിസ്ഥാനെതിരായ മല്‍സരത്തിന് ഇറങ്ങേണ്ടി വരുന്നത് ടീമിന്റെ പ്രകടനത്തെ ബാധിക്കുമെന്നാണ് ബിസിസിഐയുടെ വിമര്‍ശനം. ഇതിനിടെയാണ് പ്രതിഷേധവുമായി ഇതിഹാസ താരവും രംഗത്തെത്തിയത്. ഇന്ത്യ ഏഷ്യാ കപ്പില്‍ കളിക്കരുതെന്നാണ് സെവാഗ് പറയുന്നത്.
സെപ്തംബര്‍ 18, 19 ദിവസങ്ങളില്‍ ഇന്ത്യയ്ക്ക് തുടര്‍ച്ചയായി മത്സരങ്ങളുണ്ട്. ഒരു ടൂര്‍ണമെന്റില്‍ രണ്ടു ദിവസങ്ങളില്‍ രണ്ടു ഏകദിനങ്ങള്‍ ഇന്ത്യയ്ക്ക് കളിക്കേണ്ടിവരുന്നതിനെയാണ് സെവാഗ് ചൂണ്ടിക്കാണിക്കുന്നത്. താന്‍ ഈ മത്സരക്രമം കണ്ട് ഞെട്ടിയെന്നും സെവാഗ് പറയുന്നു.
എന്തിനാണ് ഇതുപോലൊരു ടൂര്‍ണമെന്റില്‍ കളിക്കുന്നതെന്നും കളിക്കരുതെന്നു തന്നെയാണ് തന്റെ അഭിപ്രായമെന്നും വീരു പറയുന്നു. ഈ സമയം ഇന്ത്യ ഹോം, എവേ സീരീസുകള്‍ക്കായി തയ്യാറെടുക്കുന്നതാകും നല്ലതെന്നും സേവാഗ് അഭിപ്രായപ്പെട്ടു. ഇന്ത്യ, പാക്കിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ ടീമുകളാണ് ഏഷ്യാകപ്പിന് യോഗ്യത ഉറപ്പാക്കിയിട്ടുള്ളത്. ശേഷിക്കുന്ന സ്ഥാനത്തിനായി യുഎഇ, സിംഗപ്പൂര്‍, ഒമാന്‍, നേപ്പാള്‍, മലേഷ്യ, ഹോങ്കോങ് എന്നീ രാജ്യങ്ങള്‍ തമ്മിലാണ് മല്‍സരം. ഇതില്‍ യോഗ്യത നേടിയെത്തുന്നവരുമായാണ് പാക്കിസ്ഥാനെതിരായ മല്‍സരത്തിന് തൊട്ടുതലേന്ന് ഇന്ത്യ കളിക്കേണ്ടത്.
' ഈ മത്സരക്രമം കണ്ട് ഞാന്‍ ഞെട്ടിയിരിക്കുകയാണ്. തുടര്‍ച്ചയായ ദിവസങ്ങളിലാണ് ഇന്ത്യയുടെ മത്സരം. ഇംഗ്ലണ്ടില്‍ ട്വന്റി-20 മത്സരങ്ങള്‍ക്കുപോലും രണ്ടുദിവസത്തെ ഇടവേളകളുണ്ടാകും ദുബായിലെ ചൂടുള്ള കാലവസ്ഥയില്‍ അടുത്തടുത്ത ദിവസങ്ങളില്‍ മത്സരം വയ്ക്കുന്നത് അശാസ്ത്രിയമാണ്. ' സേവാഗ് പറയുന്നു.
Comments