You are Here : Home / SPORTS

ധോണി റിവ്യൂ സിസ്റ്റം വീണ്ടും പൊളിച്ചു !!

Text Size  

Story Dated: Monday, September 24, 2018 04:00 hrs UTC

ഏഷ്യകപ്പില്‍ ഇന്നലെ നടന്ന ഇന്ത്യ- പാക്കിസ്ഥാന്‍-പോരാട്ടത്തിനിടെയും ചര്‍ച്ചാ വിഷയമായത് മഹേന്ദ്രസിങ് ധോണിയാണ്. രോഹിതിന് ഫീല്‍ഡിങ് അറേന്‍ജ്‌മെന്റ്‌സിന്റെ നിര്‍ദേശങ്ങള്‍ നല്‍കി ബാറ്റ്‌സ്മാനെ തൊട്ടടുത്ത പന്തില്‍ ഔട്ടാക്കിയപ്പോഴും ധോണി ആരാധകര്‍ക്കിടയില്‍ വാര്‍ത്തയായി. ഇന്നലെ പാക്കിസ്ഥാനെതിരേയുള്ള മത്സരത്തിലും തന്റെ അനുഭവപാടവം തെളിയിക്കുന്ന സംഭവങ്ങള്‍ അരങ്ങേറി.
 
വിക്കറ്റിനു മുന്നിലെയോ പിന്നിലെയോ പ്രകടനമല്ല ധോണിയെ ഈ മല്‍സരത്തില്‍ താരമാക്കിയത്. വെറുമൊരു തലയാട്ടല്‍ കൊണ്ടാണ് ഇന്ത്യ-പാക്ക് മല്‍സരത്തില്‍ ധോണി ചര്‍ച്ചാവിഷയമായത്. അംപയറിന്റെ തീരുമാനം പുനഃപരിശോധിക്കാന്‍ ടീമുകള്‍ക്ക് അവസരം നല്‍കുന്ന ഡിസിഷന്‍ റിവ്യു സിസ്റ്റം (ഡിആര്‍എസ്) ഉപയോഗിക്കുന്നതിലെ നൈപുണ്യം ആണ് ഇക്കുറി ധോണിക്കു കയ്യടി നേടിക്കൊടുത്തത്.
 
 
യുസ്‌വേന്ദ്ര ചാഹല്‍ എറിഞ്ഞ പാക് ഇന്നിങ്‌സിലെ എട്ടാം ഓവറില്‍ ആറാം പന്ത് പ്രതിരോധിക്കാനുള്ള പാക് ഓപ്പണര്‍ ഇമാമുല്‍ ഹഖിന്റെ ശ്രമം പിഴച്ചു. പന്ത് മുന്‍കാലിലെ പാഡിലിടിച്ചു തെറിച്ചു. സ്വാഭാവികമായും ചാഹല്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ വിക്കറ്റിനായി അപ്പീല്‍ ചെയ്‌തെങ്കിലും അംപയര്‍ അനങ്ങിയില്ല. ഇതോടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ധോണിയെ നോക്കി. ധോണി തലയാട്ടിയതോടെ തേര്‍ഡ് അംപയര്‍ റിവ്യൂവിന് വിടുകയും ചെയ്തു.
റീപ്ലേയില്‍ ഔട്ട് വിളിക്കാനായിരുന്നു വിധി. തീരുമാനം തിരുത്തിയ അംപയര്‍ ഇമാം ഔട്ടാണെന്നു വിധിച്ചു. ഇതോടെ ഗാലറിയില്‍ ഇന്ത്യന്‍ ആരാധകരുടെ ആവേശനിമിഷങ്ങള്‍. വിക്കറ്റ് നഷ്ടത്തിന്റെ നിരാശയില്‍ ഇമാം പവലിയനിലേക്കു തിരിച്ചു നടക്കുമ്ബോള്‍, ഇന്ത്യന്‍ താരങ്ങള്‍ ഓരോരുത്തരായി ധോണിയെ അഭിനന്ദിക്കാനുള്ള തിരക്കിലായിരുന്നു. ഇതെത്ര കണ്ടിരിക്കുന്നു എന്ന നിസംഗ ഭാവത്തോടെ ധോണി വീണ്ടും വിക്കറ്റിനു പിന്നിലേക്കു നടക്കുമ്ബോള്‍, കമന്ററി ബോക്‌സില്‍ സുനില്‍ ഗാവസ്‌കറിന്റെ വാക്കുകള്‍ ആരാധകര്‍ക്ക് കോരിത്തരിപ്പുണ്ടാക്കി.
 
 
 
'വാട്ട് എ ജീനിയസ് ദാറ്റ് മാന്‍ ഈസ്! എംഎസ്ഡി. ഹി ഈസ് ജസ്റ്റ് ഇന്‍ക്രെഡിബിള്‍'. മല്‍സരം കണ്ട ലക്ഷക്കണക്കിന് ഇന്ത്യന്‍ ആരാധകരുടെ മനസ്സിലും മായാതെ ഈ നിമിഷങ്ങള്‍. ഒരിക്കല്‍ കൂടി താരമായി എം.എസ്. ധോണി.
ക്രിക്കറ്റ് താരം വീരേന്ദ്രര്‍ ഷെവാഗ് ഡിആര്‍എസ് എന്നത് ധോണി റിവ്യൂ സിസ്റ്റം ആണെന്ന് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യുകയും ഉണ്ടായി.
 
https://youtu.be/nf45YE09N6k

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.