You are Here : Home / SPORTS

ഒരു വര്‍ഷത്തിനുള്ളില്‍ ഹൈക്കോടതികളില്‍ നിയമിച്ചത്‌ 116 ജഡ്‌ജിമാരെ

Text Size  

Story Dated: Thursday, January 23, 2014 10:54 hrs UTC

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ വിവിധ ഹൈക്കോടതികളിലായി നിയമിച്ച ജഡ്‌ജിമാരുടെ എണ്ണം 116. കഴിഞ്ഞ 20 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്‌. എന്നിട്ടും രാജ്യത്തെ 24 ഹൈക്കോടതികളിലായി 256 ജഡ്‌ജിമാരുടെ ഒഴിവ്‌ നിലവിലുണ്ട്‌. 906 പേരെ എല്ലാ ഹൈക്കോടതികള്‍ക്കുമായി പൊതുവില്‍ ആവശ്യമാണ്‌. ഇതിലാണ്‌ 256 ഒഴിവ്‌. സംസ്ഥാനങ്ങളില്‍ പുതിയ കോടതികള്‍ ആരംഭിക്കുന്നതിനും ന്യായാധിപന്‍മാരെ നിയമിക്കുന്നതിനുമായി കേന്ദ്രസര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുന്നുണ്ട്‌. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി 2,000 കോടിയാണ്‌ ഇതിനു വേണ്ടി മാത്രം മാറ്റി വെച്ചത്‌.

അതിനു മുമ്പത്തെ 18 വര്‍ഷങ്ങളിലായി 1,245 കോടി മാത്രമാണ്‌ ഈ ആവശ്യത്തിനായി ചെലവായിരുന്നത്‌. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഈ തുക വേണ്ട വിധത്തില്‍ വിനിയോഗിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്‌. പല സംസ്ഥാനങ്ങളും ലഭിച്ച തുകയുടെ ഒരു ശതമാനം പോലും ഇതിനായി ചെലവഴിച്ചിട്ടില്ല. കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും തമ്മിലുള്ള തീരുമാന പ്രകാരം വരുന്ന അഞ്ചു വര്‍ഷത്തിനിടെ രാജ്യത്ത്‌ പുതുതായി 15,000 പുതിയ കോടതികള്‍ ആരംഭിക്കാന്‍ തീരുമാനമായിട്ടുണ്ട്‌.

നാഷണല്‍ കോര്‍ട്ട്‌ മാനേജ്‌മെന്റ്‌ സിസ്റ്റത്തിന്റെ ഭാഗമായി അടുത്ത അഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ ജഡ്‌ജിമാരുടെ എണ്ണം നിലവിലെ 18,000 ത്തില്‍ നിന്നും 30,000 ആക്കാനും തീരുമാനിച്ചിട്ടുണ്ട്‌. ഇതിനു പുറമെ ചില ഹൈക്കോടതികളില്‍ ജഡ്‌ജിമാരുടെ എണ്ണത്തില്‍ 25 ശതമാനം വര്‍ദ്ധനവ്‌ വരുത്താനും തീരുമാനമായിട്ടുണ്ട്‌. ഇതു കൂടാതെ എല്ലാ ഹൈക്കോടതികളിലെയും സ്ഥിരം ജഡ്‌ജുമാരുടെ എണ്ണവും വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.