You are Here : Home / SPORTS

പുസ്തകം വേണോ....പുസ്തകം....

Text Size  

Story Dated: Thursday, February 13, 2014 03:34 hrs UTC



സിനിമയിലെ എല്ലാരംഗത്തും പയറ്റിക്കഴിഞ്ഞു. കഥ, തിരക്കഥ, സംഭാഷണം,
സംവിധാനം, ഗാനരചന, സംഗീതം, നിര്‍മ്മാണം, ഇനി എന്താണെന്ന്
ആലോചിച്ചപ്പോഴാണ് മലയാള സിനിമയിലെ സകലകലാവല്ലഭന് പുതിയൊരാശയം
മുളപൊട്ടിയത്. ഒരു വലിയ പുസ്തകം എഴുതിക്കളയാലോ? ചെറിയ ചെറിയ
പുസ്തകങ്ങളെഴുതി കഴിവു തെളിയിച്ചെങ്കിലും അതു പോരെന്നൊരു തോന്നല്‍.
മലയാളത്തിലെ പ്രശസ്തമായ സിനിമാമാസികയില്‍ ലേഖകനായി തുടങ്ങിയ ആള്‍ക്ക്
എഴുത്ത് എളുപ്പമായിരുന്നു.

 


സിനിമയില്‍ നല്ല വേഷങ്ങളൊന്നും തടയാത്ത സ്ഥിതിക്ക്
വീട്ടില്‍ത്തന്നെയിരുന്ന് എഴുതാന്‍തന്നെ തീരുമാനിച്ചു. അതിനായി താമസം
കൊച്ചിയിലെ ഫ്ളാറ്റില്‍നിന്ന് തിരുവനന്തപുരത്തേക്ക്. സംവിധാനം ചെയ്ത
മുപ്പത്തിയാറ് സിനിമകളിലെ അനുഭവങ്ങളായിരുന്നു വിഷയം.
എഴുതിക്കഴിഞ്ഞപ്പോള്‍ ഒാരോ അനുഭവത്തിനും പ്രശസ്തരായ ആളുകളെക്കൊണ്ട്
അവതാരികയെഴുതിക്കണമെന്നായി മോഹം. അതിനായി വ്യത്യസ്ത മേഖലയിലുള്ളവരെ
സമീപിച്ചു. സകലകലാവല്ലഭന്‍ പറയുന്നതല്ലേ, ചെയ്തുകൊടുത്തേക്കാം എന്നു
കരുതി മുപ്പത്തിയാറുപേര്‍ അവതാരികയെഴുതി. എല്ലാം കൂടിയായപ്പോള്‍
പുസ്തകത്തിന് വലിപ്പം വര്‍ധിച്ചു. പുസ്തകം വിപണിയിലിറങ്ങിയാല്‍
ഒരുപാടുപേര്‍ വാങ്ങിക്കുമെന്നുറപ്പാണ്. ആ സ്ഥിതിക്ക് സ്വയം പബ്ളിഷ്
ചെയ്യുന്നതല്ലേ ബുദ്ധി? പുസ്തകപ്രസാധകന്‍ എന്ന പേരിലും അറിയപ്പെടാം. ആ
ബുദ്ധി വര്‍ക്കൌട്ട് ചെയ്തു. അങ്ങനെയാണ് സകലകലാവല്ലഭന്‍ ഒരു പബ്ളിഷര്‍
കൂടിയായത്. ഫസ്റ്റ് പ്രിന്റായി അടിച്ച മുഴുവന്‍ കോപ്പികളും വീട്ടില്‍
കൊണ്ടുവന്നു.

 


ഇനി വില്‍ക്കണം. കേരളത്തില്‍ അറിയപ്പെടുന്ന, ഭരത് അവാര്‍ഡ് നേടിയ ആള്‍
വീടുവീടാന്തരം കയറിയിറങ്ങി പുസ്തകം വില്‍ക്കുന്നത് ശരിയല്ല. അതിനായി ഒരു
പയ്യനെ പാര്‍ട്ട്ടൈംജോലിക്കു വച്ചു. പയ്യന് ശമ്പളമില്ല. പകരം
വില്‍ക്കുന്ന പുസ്തകത്തിന് കമ്മീഷന്‍. സകലകലാവല്ലഭന്റെ കടുത്ത
ആരാധകനായതിനാല്‍ പയ്യന് കമ്മീഷന്‍ കിട്ടിയില്ലെങ്കിലും കുഴപ്പമില്ല.
അദ്ദേഹവുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ കഴിഞ്ഞതുതന്നെ ഭാഗ്യം.
രാവിലെ എഴുന്നേറ്റയുടന്‍ സകലകലാവല്ലഭന്‍ സുഹൃത്തുക്കളെ ഫോണില്‍ വിളിക്കും.
''എന്റെയൊരു പുസ്തകം പുറത്തിറങ്ങിയിട്ടുണ്ട്. ഗംഭീര പുസ്തകമാണ്.
മലയാളത്തില്‍ ഇത്തരമൊരു പുസ്തകമില്ലെന്നുതന്നെ പറയാം. അതുമായി ഒരു
പയ്യന്‍ നിങ്ങളെ കാണാന്‍ വരും. വാങ്ങിച്ച് വായിച്ച് അഭിപ്രായം പറയണം.''
പ്രശസ്തനായ സംവിധായകന്‍ വിളിച്ചുപറയുമ്പോള്‍ വാങ്ങാതിരിക്കുന്നതെങ്ങനെ?
പറഞ്ഞതുപോലെ പയ്യന്‍ പുസ്തകവുമായി ഒാരോ വീട്ടിലും ഒാഫീസിലും കയറിയിറങ്ങി.

 


പുസ്തകം കൊടുത്തശേഷം പയ്യന്‍ പണം ചോദിച്ചപ്പോഴാണ് പലരുടെയും
കണ്ണുതള്ളിപ്പോയത്. ആയിരം രൂപ. അത്രയും കാശു കൊടുത്താല്‍ ഇതുപോലുള്ള
രണ്ടോ മൂന്നോ പുസ്തകം വാങ്ങാം. ഇതിലും വലിയ താരങ്ങളുടെ
അനുഭവക്കുറിപ്പുകള്‍ വായിക്കാം. ചിലരൊക്കെ മനസ്സില്ലാമനസ്സോടെ
വാങ്ങിച്ചു. സകലകലാവല്ലഭവന്റെ മാര്‍ക്കറ്റിംഗ് തന്ത്രം തലസ്ഥാനത്തും
കൊച്ചിയിലും ആദ്യഘട്ടം വിജയമായിരുന്നെങ്കിലും രണ്ടാംഘട്ടം ഫലിച്ചില്ല.
അപ്പോഴേക്കും മാര്‍ക്കറ്റിംഗ് ഗുട്ടന്‍സ് പലരുമറിഞ്ഞിരുന്നു. ഇപ്പോള്‍
സകലകലാവല്ലഭന്റെ നമ്പര്‍ കണ്ടാല്‍ അടുത്ത സുഹൃത്തുക്കളാരും
ഫോണെടുക്കാറില്ലത്രേ. അതോടെ വല്ലഭന്‍ ഫോണ്‍ വിളി തല്‍ക്കാലത്തേക്ക്
നിര്‍ത്തി. ഇനി മറ്റേതെങ്കിലും കമ്പനിയെ പുസ്തകവിതരണം ഏല്‍പ്പിച്ചാലോ
എന്നാണാലോചന.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.